ട്യൂമർ ബോർഡിനെക്കുറിച്ച് സ്വാതിയുടെ അമ്മയ്ക്ക് ഒന്നും അറിയില്ലായിരുന്നു!
അമ്മയ്ക്കൊപ്പമായിരുന്നു സ്വാതി ഒ.പി. യില്‍ എന്നെ കാണാന്‍ എത്തിയത്. ഞാന്‍ കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചു കഴിഞ്ഞപ്പോള്‍ സ്വാതിയുടെ അമ്മ മടിച്ചു മടിച്ചു പറഞ്ഞു:
"ഡോക്ടറാണ് എല്ലാം തീരുമാനിക്കുന്നത് എന്നാണല്ലോ ഞങ്ങള്‍ കേട്ടത്. പക്ഷേ ഇപ്പോള്‍..."
പറഞ്ഞുമുഴുവിക്കാതെ സ്വാതിയുടെ അമ്മ സംശയത്തോടെ എന്നെ നോക്കി. അവരെന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസിലാകാതെ ഞാനും അവരെ നോക്കി.
സ്വാതിയും അമ്മയുടെ അടുത്തു ഇരിപ്പുണ്ട്. 22 വയസുള്ള യുവതിയാണ് സ്വാതി. അവളുടെ രോഗ നിർണ്ണയത്തിനുശേഷം ചികിത്സക്കായി എത്തിയതാണ് എന്റെ അടുത്ത്. സ്വാതിക്ക് ബ്രസ്റ്റ് കാൻസറാണ്!
അവരെന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസിലാകാത്തതുകൊണ്ട് ഞാന്‍ ചോദിച്ചു:
"അമ്മ എന്താണ് ചോദിച്ചത്?"
സ്വാതിയുടെ അമ്മ വിശദീകരിച്ചു: "ഡോക്ടറേ, ഡോക്ടർ വളരെ പരിചയ സമ്പന്നനായ കാൻസർ ശസ്ത്രക്രിയ വിദഗ്ധനാണെന്ന് അറിഞ്ഞാണ് ഞങ്ങള്‍ ഇത്രയും ദൂരം വന്നത്. ഇപ്പോൾ ഡോക്ടർ പറയുന്നു മറ്റാരോടൊക്കെയോ ചോദിച്ചിട്ട് തിയതി നിശ്ചയിക്കാം എന്ന്. അപ്പോൾ ഡോക്ടർക്കു പോലും ഒരു ഉറപ്പില്ലേ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും?"
അപ്പോഴാണ് അവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് പിടികിട്ടിയത്! ഞാന്‍ പറഞ്ഞ ഒരു കാര്യം അവര്‍ക്ക് മനസിലാകാത്തത് കൊണ്ടുള്ള പ്രശ്നമാണ്. രോഗ വിവരം ധരിപ്പിച്ച്, ചികിത്സാ രീതികളെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞിരുന്നു: "ഏതായാലും സർജറി ആവശ്യമായി വരും. ഞങ്ങൾ 'ട്യൂമർ ബോർഡിൽ' ഒന്ന് ഡിസ്‌കസ് ചെയ്തിട്ടു ദിവസം നിശ്ചയിക്കാം" എന്ന്. അതാണ് പ്രശനമായത് - ട്യൂമർ ബോർഡിൽ' ഒന്ന് ഡിസ്‌കസ് ചെയ്യാം എന്നു പറഞ്ഞത്!
പിന്നീട് ട്യൂമർ ബോർഡ് എന്താണെന്നും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു. അതോടെ അവരുടെ സംശയം മാറി. സംശയം മാറി എന്നുമാത്രമല്ല, അവരുടെ മുഖം കൂടുതല്‍ പ്രസന്നമാകുകയും ചെയ്തു. സ്വതിക്കായിരുന്നു കൂടുതല്‍ ആശ്വാസം! അതുകൊണ്ടുതന്നെ പോസിറ്റീവ് ചിന്താഗതിയോടെ സ്വതിക്ക് ശസ്ത്രക്രിയക്ക് ഒരുങ്ങാന്‍ കഴിഞ്ഞു. മാത്രമല്ല, സ്വാതിയുടെ ബ്രസ്റ്റ് നഷ്ടപ്പെടാതെ ശസ്ത്രക്രിയ വിജയകരമായി നടത്തുകയും ചെയ്തു.
സ്വാതിയോടും അമ്മയോടും 'ട്യൂമർ ബോർഡി'നെ പറ്റി പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. അപ്പോഴേ, ഒരു കാൻസർ സെന്ററിൽ ചികിത്സ നേടേണ്ടതിന്റെ ആവശ്യകതയും മനസിലാക്കാന്‍ പറ്റുകയുള്ളു.
ട്യൂമർ ബോർഡ് അല്ലെങ്കിൽ മൾട്ടി ഡിസിപ്ളനറി ട്യൂമർ ബോർഡ് (MDT)
ഒരു രോഗിയുടെ അസുഖത്തിന്റെ വിവിധ വശങ്ങളെ പറ്റിയും വിവിധ ചികിത്സാ രീതിയെപ്പറ്റിയും കാൻസർ ചികിത്സാ വിദഗ്ദ്ധർ ഒരുമിച്ചു കൂടി വിചിന്തനം ചെയ്ത് ചികിത്സ നിശ്ചയിക്കുന്ന രീതിക്കാണ് ട്യൂമർ ബോർഡ് എന്ന് പറയുക.
മിക്കവാറും എല്ലാ കാൻസർ സെന്ററുകളിലും ട്യൂമർ ബോർഡിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് കാൻസർ ചികിത്സ നടത്തുക. ഇതിനായി ഓരോ തരം കാൻസറിനും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകും. ഇതുകൂടാതെ ഏതെങ്കിലും ചികിത്സകന് ആവശ്യമെന്ന് തോന്നിയാൽ രോഗിക്ക് വേണ്ടി എപ്പോൾ വേണമെങ്കിലും ട്യൂമർ ബോർഡ് കൂടാവുന്നതാണ്.
തീർച്ചയായും, രോഗിക്ക് ഏറ്റവും നല്ല ചികിത്സ ലഭിക്കാൻ മൾട്ടി ഡിസിപ്ളനറി ട്യൂമർ ബോർഡ് ആവശ്യമാണ്.
സ്വാതിയുടെ അമ്മയ്ക്കും സ്വാതിക്കും 'ട്യൂമർ ബോർഡി'നെ പറ്റി അറിവില്ലാതിരുന്നതു കൊണ്ടാണ്, ആ വാക്ക് ആദ്യം കേട്ടപ്പോള്‍ അവരുടെ മനസില്‍ സംശയം ഉദിച്ചത്. കാര്യങ്ങള്‍ മനസിലായപ്പോള്‍ അവരുടെ ആത്മവിശ്വാസം വര്‍ധിച്ചു. എല്ലാ മനുഷ്യരും ഇതുപോലൊക്കെ തന്നെയാണ്; കൃത്യമായ അറിവ് ഇല്ലെങ്കില്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്.
കാന്‍സറിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഉള്ള കൃത്യമായ അറിവ് എല്ലാവര്‍ക്കും ഉണ്ടാകേണ്ടതാണ്. അതാണ് ചികിത്സയെ കൂടുതല്‍ സഹായിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ഇത്തരം കാര്യങ്ങള്‍ അറിയാനും പറയാനും ഉള്ള തുറവിയാണ് നമുക്ക് ആവശ്യം!