Articles

Chadwick Boseman ചാഡ്‌വിക്ക് ബോസ്‌മാൻ ഒരു യഥാർത്ഥ ഹീറോ!

കാൻസറിന് ശേഷവും ഒരു വിജയം നിറഞ്ഞ ജീവിതം ഉണ്ട് എന്ന ബോധ്യം നമുക്ക് നല്‍കുകയാണ് ചാഡ്‌വിക്ക് ബോസ്‌മാൻ എന്ന ഹോളിവുഡ് നടന്‍.

അദ്ദേഹത്തെ അറിയുമോ? ചെറുപ്പക്കാരായ എന്റെ കൂട്ടുകാരോടാണ് ചോദ്യം. 2018 ലെ 'ബ്ലാക്ക്‌ പാന്തര്‍' (Black Panther) എന്ന സിനിമയിലെ നായകനാണ് അദ്ദേഹം. 2019 -ലെ മൂന്ന് ഓസ്കാര്‍ അവാര്‍ഡുകള്‍ ഈ സിനിമയ്ക്ക് ലഭിച്ചു. നായകനായുള്ള അദ്ദേഹത്തിന്റെ അഭിനയം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. പക്ഷേ, ഇക്കഴിഞ്ഞ ദിവസം, 2020 ആഗസ്റ്റ്‌ 28 വെള്ളിയാഴ്ച അദ്ദേഹം മരണമടഞ്ഞു. വൻകുടൽ കാൻസർ (colon cancer) ആയിരുന്നു മരണ കാരണം.

അദ്ദേഹത്തിന്റെ യഥാർത്ഥ ഹീറോയിസം മനസ്സിലാക്കുന്നതിന്, 'ബ്ലാക്ക്‌ പാന്തറി'ല്‍ അദ്ദേഹം അഭിനയിച്ച ചരിത്രം കൂടി അറിയണം. 2016 - ൽ മൂന്നാംഘട്ട വൻകുടൽ കാൻസർ സ്ഥിരീകരിക്കപ്പെട്ട് ചികിത്സ തുടങ്ങുമ്പോൾ അദ്ദേഹത്തിന് പ്രായം കേവലം 39 വയസ്സ് മാത്രമായിരുന്നു. അതിജീവന സാധ്യത കേവലം 10 ശതമാനം മാത്രം.

എങ്കിലും നിരാശനാകാതെ അദ്ദേഹം കാൻസറിനെതിരെ തന്റെ പോരാട്ടം തുടങ്ങി. തനിക്കു കാന്‍സര്‍ ആണെന്ന് അറിഞ്ഞിട്ടും അദ്ദേഹം അഭിനയം നിര്‍ത്തിയില്ല; തുടര്‍ന്നു. ഒന്നല്ല, പല സിനിമകളില്‍ അദ്ദേഹം ഇക്കാലയളവില്‍ അഭിനയിച്ചു. കാന്‍സര്‍ ആണെന്ന് അറിഞ്ഞതിനു ശേഷമാണ് അദ്ദേഹം 'ബ്ലാക്ക്‌ പാന്തര്‍' സിനിമയിലും അഭിനയം ആരംഭിച്ചത്. അഭ്രപാളികളില്‍ തന്നെ അനശ്വരമാക്കിയ 'കിംഗ്‌ റ്റി'ച്ചാല' (King T'Challa) എന്ന കഥാപാത്രമായി 'ബ്ലാക്ക്‌ പാന്തറി' - ൽ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിനു കാന്‍സര്‍ ആയിരുന്നു എന്നത് നമ്മളില്‍ എത്ര പേര്‍ക്ക് അറിയാമായിരുന്നു?

ഈ സിനിമ കണ്ടിട്ടുള്ളവരുടെ മനസിലേയ്ക്ക്, അദ്ദേഹം ഒരു കാൻസർ ബാധിതനാണ് എന്ന ചിന്ത ഒരിക്കലും കടന്നു വന്നിട്ടില്ല. അദ്ദേഹത്തിന്റെ മരണം അറിയിച്ചുകൊണ്ട്‌ പുറത്തുവന്ന പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത് "അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങള്‍ എല്ലാം ചിത്രീകരിച്ചിരിക്കുന്നത് എണ്ണമറ്റ ശാസ്ത്രക്രിയകള്‍ക്കും കീമോതെറാപ്പികള്‍ക്കും ഇടയിലാണ്" എന്നാണ് (edition.cnn.com).

'ഗെറ്റ് ഓണ്‍ അപ്' (Get on Up), 'ഗോഡ്സ് ഓഫ് ഈജിപ്റ്റ്' (Gods of Egypt)‌, 'മാര്‍ഷല്‍' (Marshall), 'അവഞ്ചെഴ്സ്: ഇന്ഫിനിറ്റി വാര്‍' (Avengers: Infinity War), 'അവഞ്ചെഴ്സ്: ഏന്‍ഡ് ഗെയിം' (Avengers: Endgame), '21 ബ്രിഡ്ജസ്' (21 Bridges), 'ദ 5 ബ്ലഡ്‌സ്' (Da 5 Bloods) തുടങ്ങി അനേകം സിനിമകളില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരം ആക്കിയിട്ടുണ്ട്. ഇനി അദ്ദേഹം നമുക്ക് ഒരു വേദനിക്കുന്ന ഓർമ്മമാത്രം.

വേദനിക്കുന്ന ഓര്‍മ്മയാണ് അദ്ദേഹമെങ്കിലും അതിജീവനത്തിന്റെ സന്ദേശം കൂടി അദ്ദേഹത്തിന്റെ ജീവിതം നമുക്ക് നല്‍കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്. അദ്ദേഹം തന്റെ ജീവിതത്തിലൂടെ നൽകുന്ന സന്ദേശങ്ങളായി ആയി എനിക്കു തോന്നുന്നത് പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണ്.

  • കാന്‍സറിനു ശേഷം അല്ലെങ്കിൽ കാന്‍സറിനോടൊപ്പം ജീവിച്ചു നമുക്ക് ഒരു ഹീറോ ആകാന്‍ സാധിക്കും. മരണം അടുത്തെത്തി എന്നറിയുമ്പോൾ ഭയപ്പെടാതെ, അവശേഷിക്കുന്ന സമയംകൊണ്ട് കൊണ്ട് തന്റെ ജീവിതം അവിസ്മരണീയമാക്കാനുള്ള അവസരം നമുക്കുണ്ട്.
  • കാൻസർ ബാധിച്ചാലും നമ്മുടെ ശരീരത്തെ 'ഫിറ്റ്‌' (fit) ആയി സൂക്ഷിക്കുക. ഓരോ ദിവസവും സന്തോഷത്തോടെ ജീവിക്കുക, ആസ്വദിക്കുക.
  • ചെറുപ്പക്കാരിലും വന്‍ കുടല്‍ കാന്‍സര്‍ (Colon Cancer) ഉണ്ടാവാം. ആദ്യ സ്റ്റേജില്‍ കണ്ടുപിടിച്ചാൽ പൂർണ്ണമായും ഭേദപ്പെടുത്താവുന്നതാണ്. കാൻസറിനെതിരെ മുൻകരുതൽ സ്വീകരിക്കുക.

ഏതാണ്ട് 70 ശതമാനത്തോളം വൻകുടൽ - മലാശയ കാൻസറുകളും ചിട്ടയായ ജീവിത ക്രമത്തിലൂടെയും ശരിയായ ഭക്ഷണ രീതികളിലൂടെയും നമുക്ക് പ്രതിരോധിക്കാവുന്നതാണ്.

ബാക്കിവരുന്നതിൽ 20 ശതമാനം നമുക്ക് കാൻസർ സ്‌ക്രീനിങ്ങിലൂടെ നേരത്തെ കണ്ടു പിടിക്കാന്‍ പറ്റും. അങ്ങനെ കണ്ടുപിടിച്ചാല്‍, സമഗ്ര കാൻസർ ചികിത്സയിലൂടെ മരണ നിരക്ക് കുറക്കാനും രോഗ ബാധിതർക്ക് സാധാരണ ജീവിതം നയിക്കാനും സാധിക്കും.

ഇനി ഈ ആശയത്തിന്റെ ശാസ്ത്രീയവും എന്നാല്‍ പ്രായോഗികവുമായ വശത്തിലേക്ക് കടക്കാം. അതില്‍ എല്ലാവരും ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  • ഏത് ഭക്ഷണ രീതിയും സന്തുലിതമായ രീതിയിൽ കുഴപ്പമില്ല.
  • ഭക്ഷണ ക്രമത്തിന്റെ ആധാര ശില എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണത്തിൻറെ കലോറി മൂല്യവും, കൂടാതെ എത്രമാത്രം റിഫൈൻഡ് ആയിട്ടുള്ള ഭക്ഷണമാണ് നമ്മൾ ഉപയോഗിക്കുന്നത് എന്നുമാണ്.
  • നമുക്ക് ആവശ്യമുള്ളതിൽ കൂടുതൽ നാം സ്വീകരിക്കുന്ന ഓരോ കലോറിയും നമ്മുടെ ശരീരത്തിന് ദോഷകരമായ രീതിയിൽ ഹോർമോൺ വ്യതിയാനങ്ങൾ സൃഷ്ടിക്കുകയും അത് കാൻസർ വരുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
  • കൂടുതൽ ശുദ്ധീകരിക്കപ്പെട്ട ഭക്ഷണം നമ്മുടെ കുടലിലെ ജൈവാണു വ്യവസ്ഥയിൽ അപകടകരമായ വ്യത്യാസം വരുത്തുകയും വൻകുടൽ കാൻസറിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതാണ് പാശ്ചാത്യ രാജ്യങ്ങളിൽ വൻകുടൽ മലാശയ കാൻസർ കൂടുതലായി കാണപ്പെടാന്‍ കാരണം.
  • മൃഗ ജന്യമായ പ്രോട്ടീനുകൾ കൂടുതലാകുന്നതും സസ്യാഹാര പ്രോട്ടീനുകൾ കുറയുന്നതും വൻകുടൽ മലാശയ കാൻസറിലേക്ക് വഴിതെളിക്കും.
  • ഇതുപോലെതന്നെ, വ്യായാമ കുറവും കൗമാരത്തിൽ ആരംഭിക്കുന്ന പുകവലിയും വൻകുടൽ കാൻസർ ഉണ്ടാകുന്നതിന് കാരണമാകും.

വൻകുടൽ കാൻസർ വരാതിരിക്കാന്‍ നമ്മള്‍ അല്‍പം ശ്രദ്ധ വച്ചാല്‍ മതി. ഭക്ഷണ കാര്യത്തിലും ജീവിത ശൈലിയിലും കുറച്ചുകൂടി കരുതല്‍ സ്വീകരിക്കാം. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പും നടത്താന്‍ മറക്കരുത്.

News & Articles

more articles