Articles

CANCER SURVIVORS DAY - JUNE 7th CELEBRATION OF LIFE (Life Beyond Cancer)

കാൻസറിനുശേഷം സാധാരണ ജീവിതമുണ്ട് എന്ന് സമൂഹത്തെ അറിയിക്കാനാണ് ജൂൺ മാസത്തിലെ ആദ്യ ഞായറാഴ്ച CANCER SURVIVORS DAY ആയി ആഘോഷിക്കുന്നത്. ലോക ജനസംഖ്യയുടെ 5% ആൾക്കാർ കാൻസറിനെ അതിജീവിച്ചവരാണ്.

CANCER SURVIVORS DAY യുടെ ഉദ്ദേശ ലക്ഷ്യങ്ങൾ

  • കാൻസറിനുശേഷം ഒരു സാധാരണ ജീവിതമുണ്ട് എന്ന് സമൂഹത്തെ അറിയിക്കുക.
  • പുതിയതായി കാൻസർ രോഗം ബാധിച്ചവർക്ക് ധൈര്യവും പ്രത്യാശയും നൽകുക.
  • കാൻസർ രോഗത്തെ കുറിച്ചുള്ള ഭീതി അകറ്റുക.
  • കാൻസർ ബോധവൽക്കരണവും, കാൻസർ സ്‌ക്രീനിങ്ങും.
  • കാൻസറിനെ അതിജീവിച്ചവർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കാനും അത് പരിഹരിക്കാനും.
  • കാൻസർ ചികിത്സ കഴിഞ്ഞവർക്ക് കാൻസറിന് ശേഷം ജീവിതം ആസ്വദിക്കുന്നവരെ പരിചയപ്പെടാനും ഒരു പുതു ജീവൻ കൈവരിക്കാനും.

പ്രൊഫഷണൽ ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന ദിവസമാണ് ജൂൺ മാസത്തിലെ ആദ്യ ഞായറാഴ്ച. കുറെ വർഷങ്ങളായി ഈ ദിവസം കാൻസറിനുശേഷം ജീവിതം ആഘോഷിക്കുന്നവരുടെ കൂട്ടായ്മയിലോ അല്ലെങ്കിൽ ഏതെങ്കിലും കാൻസർ ബോധവത്കരണ സെമിനാറിലോ പങ്കെടുക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഇതെഴുതുമ്പോൾ പല ചിരിക്കുന്ന മുഖങ്ങളും എന്റെ മനസ്സിൽ കൂടി മിന്നിമറയുന്നുണ്ട്.

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് കാൻസർ ശസ്ത്രക്രിയയിൽ പോസ്റ്റ് ഡോക്ടറൽ ബിരുദവും ഫെല്ലോഷിപ്പും കഴിഞ്ഞ് കാരിത്താസിൽ എത്തിയ സമയത്തെ ചില ഓർമ്മകൾ പങ്കുവയ്ക്കാം. അക്കാലത്തു് കാൻസർ ബാധിച്ചാൽ മധ്യകേരളത്തിലുള്ളവർ ശസ്ത്രക്രിയക്കായി നേരെ vellore ക്ക് വണ്ടി കയറും. ബ്രെസ്റ്റ് കാൻസർ സർജറികളാണ് അന്ന് പ്രധാനമായും എനിക്ക് കിട്ടിയിരുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം, മെഡിക്കൽ കോളേജ്, oncology (ഇന്നത്തെ RT വിഭാഗം) മേധാവി കുട്ടപ്പൻ സർ എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ ചോദിച്ചു, എടേയ് നീ Maxillectomy (മേലണ്ണാക്ക് മുതൽ കണ്ണിനു താഴവരെയുള്ള എല്ല് നീക്കം ചെയ്യുക) ചെയ്യുമോ? റേഡിയേഷൻ കഴിഞ്ഞതാ. അവർക്ക് ദൂരെയെങ്ങും പോകാനുള്ള സാമ്പത്തികം ഇല്ല. ഞാൻ സമ്മതിച്ചു. ഒരാൾ എന്നെ Onco Surgeon ആയി അംഗീകരിച്ചതിന്റെ സന്തോഷം ഉണ്ടെങ്കിലും അൽപം ഭയപ്പാടുണ്ടായിരുന്നു.

അങ്ങനെ ലക്ഷ്മണൻ എന്ന 53 വയസുകാരൻ എന്റെ അടുത്തെത്തി, വളരെ രസികനായ ഒരു ആലപ്പുഴക്കാരൻ. ഞാൻ ശസ്ത്രക്രിയ എങ്ങനെയാണ് എന്ന് പറഞ്ഞുകൊടുത്തു. ലക്ഷ്മണൻ ചേട്ടന് ഒരു condition മാത്രം, മുഖത്തെ എല്ലെടുത്താൽ എന്റെ ഷേപ്പ് മാറില്ലേ? ഞാൻ പറഞ്ഞു, പകരം നമ്മൾ ദശ വച്ചുപിടിപ്പിച്ചു തരാം. ശരി ഡോക്ടർ ഞാൻ വരാം എന്ന് പറഞ്ഞു ലക്ഷ്മണൻ തിരിച്ചുപോയി.

അടുത്ത ദിവസം അദ്ദേഹം സർജറിക്ക് admission എടുക്കാൻ വന്നു. വളരെ സന്തോഷവാനായ ലക്ഷ്മണനെക്കണ്ടു ഞാൻ അത്ഭുതപ്പെട്ടു. ഇനി ഞാൻ പറഞ്ഞുകൊടുത്തത് അദ്ദേഹത്തിന് മനസിലായില്ലെന്നുണ്ടോ. ഏതായാലും സർജറി വളരെ ഭംഗിയായി നടന്നു. കുട്ടപ്പൻ സാറിനും സന്തോഷം. എല്ലാം ശുഭം.

കാൻസർ രോഗത്തെ ധൈര്യത്തോടെ അഭിമുഖികരിച്ച ലക്ഷ്മണൻ ഇപ്പോഴും സന്തോഷവാനായി ജീവിക്കുന്നു. പ്രായത്തിന്റെ ചില ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ. അദ്ദേഹത്തിന്റെ നാട്ടിൽ ആർക്കു കാൻസർ വന്നാലും ഏത് ചികിത്സയാണ് നല്ലതെന്ന് എന്നോട് ചോദിക്കാറുണ്ട്.

ഈ വിവരണം കൊണ്ട് ഞാൻ പറഞ്ഞുവന്നത് തക്കതായ ചികിത്സ കൊണ്ട് മിക്ക കാൻസറു കളും അതിജീവിക്കാം എന്നും സന്തോഷകരമായി ജീവിതം ആഘോഷിക്കാം എന്നും ആണ്.

ലക്ഷ്മണ ചരിതം കഴിഞ്ഞു ഞാൻ ഏതാണ്ട് 16000 ത്തിന് മുകളിൽ വിജയകരമായി കാൻസർ ശസ്ത്രക്രിയകൾ ചെയ്തു. പല മുഖങ്ങളും ഇതുപോലെ ഓർത്തിരിക്കാറില്ല. പലപ്പോഴും വ്യക്തി പരമായ ആവശ്യങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ എത്തുമ്പോൾ കാര്യങ്ങൾ പലപ്പോഴും ഞാൻ ഉദ്ദേശിക്കാത്ത രീതിയിൽ പെട്ടെന്ന് സാധിച്ചു കിട്ടാറുണ്ട് അവസാനം ഒരു പുഞ്ചിരിക്കുന്ന മുഖം പ്രത്യക്ഷപ്പെട്ട് പറയും ഡോക്ടർ ഞാൻ ഈ ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്. ഡോക്ടറാണ് എന്റെ ('അമ്മ/അച്ഛൻ') operation ചെയ്തത്. അവർ സുഖമായിരിക്കുന്നു. അതുപോലെ കല്യാണങ്ങളിൽ പങ്കെടുക്കുമ്പോൾ, മാളുകളിൽ പോകുമ്പോൾ, എയർപോർട്ടിൽ വച്ച് ഒക്കെ ഈ സ്നേഹം ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും കാൻസർ അതിജീവിച്ചു, ജീവിതം ആഘോഷിക്കുന്ന വളരെയധികം ആൾക്കാരെ കണ്ടുമുട്ടാറുണ്ട്.

CANCER SURVIVORS DAY യുടെ മറ്റൊരു ഉദ്ദേശം കാൻസർ ചികിൽസ എടുക്കുന്നവരിലേക്ക് Positive energy പകരുക എന്നതാണ്. കാൻസറിന് ശേഷവും ജീവിതമുണ്ട് എന്ന് രോഗത്തെ അതിജീവിച്ചവർ പറയുമ്പോൾ സമൂഹത്തിന് അത് positive energy പകർന്നു നൽകും.

അതിനാൽ കാൻസറിനെ അതിജീവിച്ചവരും അങ്ങനെയുള്ള സംഭവങ്ങൾക്ക് സാക്ഷിയായിട്ടുള്ളവരുംഅനുഭവം പങ്കുവച്ചാൽ അത് വളരെ നന്നായിരിക്കും.

Please inbox me about your survival story.

News & Articles

more articles