
അമേരിക്കയിലും യൂറോപ്പിലും പിങ്ക് കളർ, പെൺകുട്ടികളുടെ കളർ ആയാണ് കണക്കാക്കപ്പെടുന്നത്. സൗഹൃദത്തിൻറെയും സാഹോദര്യത്തിൻറെയും സ്ത്രീത്വത്തിൻറെയും മുദ്രയാണ് പിങ്ക് കളർ. ഈ കളർ ഇഷ്ടപ്പെടുന്നവർ മറ്റുള്ളവരിലേക്ക് സ്നേഹം പകരാൻ ഇഷ്ടപ്പെടുന്നവരായാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യരിൽ ശാന്തതവരുത്താൻ പിങ്ക് കളറിന് കഴിയുമെന്നും വിശ്വസിക്കുന്നു.
ഈ കാരണങ്ങള്‍ കൊണ്ടാണ്, സ്ത്രീകളിൽ കൂടുതൽ കാണപ്പെടുന്ന സ്തനാർബുദ ബോധവൽക്കരണത്തിനുള്ള കളർ ആയി, പിങ്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഒക്ടോബർ മാസം സ്തനാർബുദ ബോധവൽക്കരണ മാസവും, അങ്ങനെ പിങ്ക് മാസവും ആയത് തീർത്തും യാദൃശ്ചികമാണ്.
1991 മുതലാണ് ഇത് ആരംഭിച്ചത്. സൂനന്‍ ജി. കോമെന്‍ (Susan G. Komen) എന്ന അമേരിക്കൻ വനിത സ്തനാർബുദത്തെ കീഴടക്കിയ ഒരാളായിരുന്നു. അവര്‍ 1991 ഒക്ടോബർ മാസത്തിൽ സ്തനാർബുദത്തിന് കീഴടങ്ങുന്നവരെ സഹായിക്കാനും ബോധവൽക്കരണത്തിനുമായി പിങ്ക് വിസര്‍ (Visor - സൂര്യപ്രകാശം തടയുന്ന തൊപ്പിയുടെ/ ഹെല്‍മെറ്റിന്റെ മറഭാഗം) മറ്റുള്ളവർക്ക് അയച്ചുകൊടുത്തു. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ ഇതിന്റെ തുടക്കം.
പിന്നീട് 'സെല്‍ഫ്' (Self) എന്നറിയപ്പെടുന്ന അമേരിക്കൻ മാസിക, പിങ്ക് കളറിന്റെ മേൽപ്പറഞ്ഞ സവിശേഷതകളാൽ, സ്തനാർബുദ ബോധവൽക്കരണത്തിനായി പിങ്ക് റിബൺ തെരഞ്ഞെടുത്തു. അതേത്തുടര്‍ന്നാണ് ലോകം മുഴുവൻ ഇത് പിന്തുടരാന്‍ ആരംഭിച്ചത്. ക്രമേണ, ഒക്ടോബർ മാസം പിങ്ക് മാസം ആയി അറിയപ്പെട്ടു തുടങ്ങി.
എന്താണ് പിങ്ക് മാസത്തിന്റെ ലക്ഷ്യങ്ങൾ?
പ്രധാനമായും നാലു ലക്ഷ്യങ്ങളാണ് ഉള്ളത്.
- സ്തനാർബുദ ബോധവൽക്കരണം: സ്വയം സ്തന പരിശോധന, മാമ്മോഗ്രാഫി എന്നിവ വഴി സ്തനാർബുദം നേരത്തെ കണ്ടുപിടിക്കാം എന്ന സന്ദേശം സമൂഹത്തിന് നൽകുക എന്നതാണ് ഈ ബോധവൽക്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
- സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടി ധനസമാഹരണം നടത്തുക.
- സ്തനാർബുദ ചികിത്സയിൽ ഉള്ളവർക്ക് ധൈര്യം പകരുക.
- സ്തനാർബുദത്തെ അതിജീവിച്ചവർക്ക് ഒരുമിച്ച് കൂടാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുനും ഉള്ള പ്രവർത്തനങ്ങൾ നടത്തുക.
നമുക്ക് ഒരുമിച്ച് ഈ പിങ്ക് മാസത്തിൽ ഒരാൾക്കെങ്കിലും ഈ സന്ദേശം എത്തിച്ചു കൊണ്ട് ഈ പോരാട്ടത്തിൽ പങ്കാളികളാകാം!