Articles

സ്‌ത്രൈണത നഷ്ടപ്പെടുത്താതെ തന്നെ സ്തനാര്‍ബുദ ചികിത്സ നടത്താൻ പറ്റുമോ?

സ്‌താനാർബുദത്തെ കുറിച്ച് എഴുതുമ്പോൾ മൂന്നു സംഭവങ്ങളാണ് എന്റെ മനസിലേയ്ക്ക് വരുന്നത്. ആദ്യത്തേത് കഴിഞ്ഞ വർഷം സംഭവിച്ചതാണ്. ഒരു ദിവസം, 35 വയസ് പ്രായമുള്ള ശ്രീക്കുട്ടി എന്ന് പേരുള്ള ഒരു യുവതി എന്നെ കാണാൻ വന്നു. സ്‌താനാർബുദം ആയിരുന്നു അവൾക്ക്. തുടക്കമേ ആയിട്ടുള്ളൂ. അതുകൊണ്ടു തന്നെ ചികിത്സാരീതികളെക്കുറിച്ച് വിശദമായി ശ്രീക്കുട്ടിയോട് പറയാൻ തുടങ്ങി. ബ്രെസ്റ്റ് നീക്കം ചെയ്തുകൊണ്ടും നിലനിർത്തികൊണ്ടുമുള്ള ശസ്ത്രക്രിയകളെക്കുറിച്ചായിരുന്നു അവളോട് സംസാരിച്ചത്. ശസ്ത്രക്രിയയെ സംബന്ധിച്ച് ഒരു തീരുമാനമെടുത്ത് ഡോക്ടറെ അറിയിക്കാമെന്നു പറഞ്ഞ് അവൾ ആശുപത്രി വിട്ടു.

എന്നാൽ പിന്നീട് ശ്രീക്കുട്ടി എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് ഈയിടെയാണ്. എനിക്ക് ശ്രീക്കുട്ടിയെ കണ്ടിട്ട് മനസിലായതുപോലുമില്ല. കാരണം അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു. ഇനി ശസ്ത്രക്രിയ ചെയ്യാൻ സാധിക്കുമോ എന്നായിരുന്നു അവൾക്ക് അറിയേണ്ടത്. പരിശോധിച്ചപ്പോൾ അർബുദം അഡ്വാൻസ്ഡ് സ്റ്റേജിലേക്ക് മാറിയിരുന്നു.

എന്താണ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു. ബ്രെസ്റ്റ് കാൻസറിന് കർണാടകയിലെവിടെയോ ശസ്ത്രക്രിയ കൂടാതെ ചികിത്സയുണ്ട് എന്നു കേട്ടപ്പോൾ അതൊന്ന് പരീക്ഷിച്ചതാണത്രേ. ചെറുപ്പമല്ലേ, ഈ പ്രായത്തിലേ ബ്രെസ്റ്റ് നീക്കം ചെയ്യണോ എന്ന ചിന്തയായിരുന്നു അവളെ അന്ന് കുഴപ്പിച്ചതെന്ന് എനിക്കു മനസിലായി.

മറ്റൊരു സംഭവം. ആലപ്പുഴക്കാരിയായ ലിസിയെയും കൂട്ടി ഒരിക്കൽ അവളുടെ ഡോക്ടറായ മകൾ, എന്റെ അടുക്കലെത്തി. മകൾ തന്നെയാണ് അമ്മയ്ക്ക് സ്‌തനാർബുദമാണെന്ന് കണ്ടുപിടിച്ചത്. തുടർന്നുള്ള ചികിത്സകളെക്കുറിച്ച് സംസാരിക്കാനാണ് അവൾ അമ്മയെയും കൂട്ടി ഡോക്ടറെ സമീപിച്ചത്.

ശസ്ത്രക്രിയകളെക്കുറിച്ച് ഞങ്ങൾ പരസ്പരം സംസാരിച്ചു. ഒടുവിൽ ബ്രെസ്റ്റ് നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയ ചെയ്യാം എന്ന തീരുമാനത്തിലാണ് അവർ മടങ്ങിയത്. എന്നാൽ ശസ്ത്രക്രിയയുടെ അഡ്മിഷനായി ലിസി വന്നത്, ബിസിനസ്സുകാരനായ ഭർത്താവിനൊപ്പമായിരുന്നു. ബ്രെസ്റ്റ് നീക്കം ചെയ്തുകൊണ്ടുള്ള ശസ്ത്രക്രിയ മതിയെന്ന് അദ്ദേഹം എന്നോട് ഉറപ്പിച്ചു പറഞ്ഞു. തന്റെ സുഹൃത്തുക്കളോട് ഈ വിഷയം ചർച്ച ചെയ്ത് താൻ എടുത്ത തീരുമാനമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ സുഹൃത്തുക്കൾ ഡോക്ടേഴ്സാണോ എന്ന് ഞാൻ ലിസിയോട് ചോദിച്ചു. അത് ബിസ്സിനസ്സ് സുഹൃത്തുക്കളാണെന്നായിരുന്നു ലിസിയുടെ മറുപടി. ഭർത്താവിന്റെ തീരുമാനത്തോട് ലിസിക്ക് സമ്മതമാണോ എന്ന് ചോദിച്ചപ്പോൾ, തനിക്ക് ഒരു തീരുമാനമില്ലെന്ന രീതിയിലുള്ള മറുപടിയായിരുന്നു ലിസിയുടേത്.

മൂന്നാമത്തെ സംഭവം. ഏകദേശം നാല്പതു വയസ് മാത്രം പ്രായമുള്ള കോളേജ് അധ്യാപികയായ ഒരു സന്യാസിനി സ്‌താനാർബുദ ചികിത്സയെക്കുറിച്ച് സംസാരിക്കാൻ സമീപിച്ചു. ബ്രെസ്റ്റ് നീക്കം ചെയ്യാതെ തന്നെ ചികിത്സിക്കാം എന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ പിന്നീട് ഈ സന്യസിനി എന്നെ സമീപിച്ചപ്പോൾ തീരുമാനം മാറ്റിയിരുന്നു. കാരണമോ, സന്യാസ സഭയുടെ അധികാരികൾ പറഞ്ഞുവത്രേ ബ്രെസ്റ്റ് നീക്കം ചെയ്യുന്നതാണ് നല്ലതെന്ന്.

ഈ മൂന്നു സംഭവങ്ങളിലും നിന്ന് നമ്മൾ മനസിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത്, ആധുനിക മെഡിസിനെക്കാളും ചില ആളുകൾക്ക് ഇപ്പോഴും വിശ്വാസം ചില കേട്ടുകേൾവികളെയാണ് എന്നതാണ്. കാരണം, ശ്രീക്കുട്ടിയോട്, ബ്രെസ്റ്റ് നീക്കം ചെയ്തുകൊണ്ടും നിലനിർത്തികൊണ്ടുമുള്ള ശസ്ത്രക്രിയകളെക്കുറിച്ചു പറഞ്ഞുവെങ്കിലും, ശ്രീക്കുട്ടി കർണ്ണാടകത്തിലെ(ഷിമോഗ )നാട്ടുമരുന്നിൽ കൂടുതൽ വിശ്വസിക്കുകയും അവിടെ പോകുകയുമാണ് ചെയ്തത്. അതിന്റെ ഫലമായി രോഗം വർധിക്കുകയും ചെയ്തു.

രണ്ടാമത്തെയും മൂന്നാമത്തെയും സംഭവങ്ങളിൽ രോഗബാധിതരായ സ്ത്രീകൾക്ക് അവരുടെ സ്ത്രൈണത നിലനിർത്തിക്കൊണ്ടുള്ള ചികിത്സയായിരുന്നു താല്പര്യം. പക്ഷേ, ഒന്നിൽ ഭർത്താവിന്റെ ആഗ്രഹവും അടുത്തതിൽ സന്യാസ സഭയുടെ അധികാരികളുടെ താല്പര്യവുമാണ് നടന്നത്. രണ്ടാമത്തെ ആളുടെ മകൾ ഒരു ഡോക്റ്റർ ആണെന്നുകൂടി ഓർക്കണം! ഈ രണ്ടു സംഭവങ്ങളിലും, രോഗബാധിതരായ സ്ത്രീകളുടെ ആഗ്രഹം സഫലമായില്ല എന്നതു മാത്രമല്ല ഇവിടെ സംഭവിച്ചത്. അവരുടെ സ്ത്രൈണതയുടെ അടയാളങ്ങൾ നിത്യമായി ഇല്ലാതാകുന്ന ചികിത്സയ്ക്ക് അവർ വിധേയരാകേണ്ടിവരികയും ചെയ്യേണ്ടിവന്നു. വിദ്യാഭ്യാസവും സൗകര്യങ്ങളും ഉണ്ടായിട്ടും ആളുകൾ അവരുടെ ചില പഴയ ചിന്താഗതികളിൽ നിന്നും മാറാൻ തയ്യാറല്ല എന്നതിന്റെ തെളിവുകളാണ് ഈ സംഭവങ്ങൾ. രോഗികൾക്കു തീരുമാനം എടുക്കാൻ ആരോഗ്യവും സാഹചര്യവും ഉള്ളപ്പോൾ, അവർക്കു പകരം മറ്റുള്ളവർ തീരുമാനം എടുക്കുന്നത് ഇത്തരം വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാറുണ്ട്.

ഈ മൂന്നു സംഭവങ്ങളിൽ ആദ്യത്തേതിൽ രോഗി ഗുരുതരാവസ്ഥയിൽ എത്തി. രണ്ടാമത്തേതിലും മൂന്നാമത്തേതിലും രോഗികളുടെ സ്ത്രൈണതയുടെ അടയാളങ്ങൾ ഇല്ലാതെയായി. മൂന്നും എന്റെ മുൻപിൽ നടന്ന സംഭവങ്ങളാണ്. ഈ പശ്ചാത്തലത്തിലാണ്, ഈ വിഷയത്തിൽ ആളുകൾക്ക് കൂടുതൽ അവബോധം ഉണ്ടാകാൻ, 'സ്‌ത്രൈണത നഷ്ടപ്പെടുത്താതെ തന്നെ സ്തനാര്‍ബുദ ചികിത്സ നടത്താൻ പറ്റുമോ' എന്ന വിഷയത്തെക്കുറിച്ചെഴുതുന്നത്.

ഇനി നമുക്ക് ആധുനിക സ്തനാര്‍ബുദ ശസ്ത്രക്രിയകളെ പരിചയപ്പെടാം

സ്തനാര്‍ബുദ ശസ്ത്രക്രിയയുടെ ഗോള്‍ഡ് സ്റ്റാന്‍ഡാര്‍ഡ് ആയി കരുതപ്പെടുന്നത് മോഡിഫൈഡ് റാഡിക്കല്‍ മാസ്‌ടെക്ടമി എന്ന സര്‍ജറിയാണ്. അസുഖം ബാധിച്ച സ്തനവും അതേ സൈഡിലുള്ള കക്ഷത്തിലെ കഴലകളും (Lymphnodes) പൂര്‍ണ്ണമായും നീക്കം ചെയ്യുക എന്നതാണ് മേല്‍പ്പറഞ്ഞ സര്‍ജറിയില്‍ ചെയ്യുന്നത്. സ്തനം പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു എന്നതും ചില രോഗികളില്‍ സര്‍ജറിക്കു ശേഷം കൈകളില്‍ നീരു വരുന്നു എന്നതും രോഗശമനത്തിനു ശേഷം പലപ്പോഴും രോഗികള്‍ക്ക് മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്നതുമാണ് ഈ സര്‍ജറിയുടെ പ്രധാന പ്രശ്‌നം. ഇതിനു പരിഹാരമായാണ് സ്തനം നഷ്ടപ്പെടാതെയും കഴലകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാതെയും വിജയകരമായി സ്തനാര്‍ബുദ ശസ്ത്രക്രിയകള്‍ ചെയ്യാമെന്ന് കണ്ടുപിടിക്കപ്പെട്ടത്. ഇതിനെ പൊതുവായി 'ബ്രസ്‌റ് കൺസെർവിങ് സർജറി' (Breast Conserving Surgery - BCS) എന്നാണ് വിളിക്കുന്നത്.

പ്രധാനമായും മൂന്നു തരത്തിലാണ് 'ബ്രസ്‌റ് കൺസെർവിങ് സർജറി' ചെയ്യുന്നത്.

  • റീകണ്‍സ്ട്രക്ഷന്‍ കൂടാതെയുള്ളത് (Breast Conserving Surgery without Reconstruction -BCS)
  • ഓങ്കോപ്ലാസ്റ്റിക് ബ്രസ്‌റ്റ് സർജറി (Oncoplastic Breast Surgery)
  • സെന്റിനല്‍ ലിംഫ്‌നോഡ് ബയോപ്‌സി (Sentinel Lymph Node Biopsy)

റീകണ്‍സ്ട്രക്ഷന്‍ കൂടാതെയുള്ളത് (BCS without Reconstruction)

അസുഖം ബാധിച്ച ഭാഗവും അതിനു ചുറ്റും ഒരു സെന്റീമീറ്റര്‍ സാധാരണ സ്തനവും നീക്കം ചെയ്ത് സ്തനസൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് മറ്റൊരു മുറിവിലൂടെ കഴലകളും നീക്കം ചെയ്യുക എന്നതാണ് ഈ ശസ്ത്രക്രിയയില്‍ നടക്കുന്നത്.

ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സര്‍ജറി (Oncoplastic Breast Surgery)

വലിപ്പം കൂടിയ മുഴകള്‍ നീക്കം ചെയ്യുമ്പോള്‍ കൂടുതല്‍ വലിയ വിടവുകള്‍ (defect) ഉണ്ടാകുന്ന ഭാഗം മറ്റു ഭാഗങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പേശികളോ, ചര്‍മ്മമോ ഉപയോഗിച്ച് പുനര്‍നിര്‍മ്മാണം (Reconstruct) ചെയ്യുന്നു എന്നതാണ് സാധാരണ BC -മായുള്ള വ്യത്യാസം. സാധാരണ BCS പോലെ കഴലകള്‍ ഓങ്കോപ്ലാസ്റ്റിക് സര്‍ജറിയിലും ചെയ്യപ്പെടുന്നുണ്ട്.

സെന്റിനല്‍ നോഡ് ബയോപ്‌സി (Sentinel Node Biopsy)

കക്ഷത്തിലെ കഴലകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന 'ലിംഫ് എഡിമ' (Lymphoedema) - കൈയ്യില്‍ നീര് വയ്ക്കുന്ന അവസ്ഥ - ഒഴിവാക്കാ നായി,കഴലകളില്‍ അസുഖം എത്തിയിട്ടുണ്ടോ എന്ന് മനസിലാക്കി അസുഖം ബാധിച്ചിട്ടില്ലെങ്കില്‍ ലിംഫ് നോഡ് ഡിസെക്ഷന്‍ ഒഴിവാക്കാനാണ് സെന്റിനല്‍ ലിംഫ് നോഡ് ബയോപ്‌സി ചെയ്യുന്നത്.

ട്യൂമറിനു ചുറ്റും ചില ഡൈയും റേഡിയോ ആക്ടീവ് ആയിട്ടുള്ള ചില രാസപദാര്‍ത്ഥങ്ങളും കുത്തിവച്ചതിനു ശേഷം ഇവ ആദ്യം എത്തുന്ന ലിംഫ് നോഡ് Scintigraphy വഴി കണ്ടുപിടിച്ച് ഒരു ചെറിയ മുറിവിലൂടെ ലിംഫ് നോഡ് പുറത്തെടുക്കുകയും അത് സര്‍ജറിയുടെ സമയത്തു തന്നെ ഫ്രോസൻ സെക്ഷൻ (Frozen Section) എന്ന സങ്കേതം ഉപയോഗിച്ച് രോഗബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുകയും രോഗബാധയില്ലാത്തവര്‍ക്ക് കക്ഷത്തിലെ ലിംഫ് നോഡ് ഡിസെക്ഷന്‍ (Axillary Dissection) വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്യുന്നു.

ഫ്രോസന്‍ സെക്ഷന്‍ (Frozen Section), Scintigraphy എന്നീ സങ്കേതങ്ങള്‍ സര്‍ജറി സമയത്ത് വേണ്ടിവരും എന്നതാണ് ഈ സര്‍ജറി അത്ര സാധാരണമല്ലാതാകാനുള്ള കാരണം.

ഇനി Breast Conserving Surgery - യെക്കുറിച്ചു പറയുമ്പോള്‍ രോഗികള്‍ പലപ്പോഴും ഇതിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ആകുലപ്പെടാറുണ്ട് എന്നതാണ് യാഥാർഥ്യം. രോഗമുക്തിയുടെ കാര്യത്തില്‍ സ്തനം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതും സ്തനം നിലനിര്‍ത്തിക്കൊണ്ടുള്ള ശസ്ത്രക്രിയയും ഒരുപോലെ തന്നെയാണ് എന്നതാണ് വാസ്തവം.

BCS കഴിയുമ്പോള്‍ റേഡിയേഷന്‍ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം ബാക്കിനില്‍ക്കുന്ന സ്തനത്തില്‍ അസുഖം വരാതിരിക്കാന്‍ ചികിത്സ ആവശ്യമാണ്. കൂടാതെ, റെഗുലറായി Follow up Check up ചെയ്യേണ്ടതും അത്യാവശ്യമാണ്. ഈ ചെക്കപ്പ് സ്തനം പൂര്‍ണ്ണമായി നീക്കം ചെയ്താലും ചെയ്യേണ്ടതാണ്.

ആര്‍ക്കെല്ലാമാണ് സ്തനം നഷ്ടപ്പെടാതെയുള്ള BCS നടത്താന്‍ സാധിക്കുക എന്നു കൂടി നമുക്ക് പരിശോധിക്കാം. നിങ്ങളുടെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുമായി കൂടിയാലോചിച്ച് സംശയങ്ങളെല്ലാം ദൂരീകരിച്ചതിനു ശേഷം മാത്രമേ BCS -ന് ഒരുങ്ങാവൂ.

ക്ലിനിക്കല്‍ പരിശോധനയ്ക്കു ശേഷം മുഴയുടെ വലിപ്പം, സര്‍ജറിക്കു ശേഷം സ്തനത്തിന്റെ എത്ര ഭാഗം നഷ്ടപ്പെടും എന്നിവ അനുസരിച്ചാണ് സാധാരണ BCS മതിയോ അതോ Oncoplastic BCS വേണോ എന്നു തീരുമാനിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, റേഡിയേഷന്‍ ചികിത്സ എടുക്കാന്‍ പറ്റാത്ത ഏതെങ്കിലും സാഹചര്യമുണ്ടെങ്കില്‍ മാത്രമേ സ്തനം പൂര്‍ണ്ണമായി നീക്കം ചെയ്യേണ്ടതുള്ളൂ.

എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അതായത്, അസുഖം കൂടുതലുള്ള അവസ്ഥയില്‍ (LABC) Locally Advanced Breast Cancer കീമോതെറാപ്പിക്കു ശേഷം ആയിരിക്കും സ്തനാര്‍ബുദ ശസ്ത്രക്രിയ നടത്തുന്നത്. ഈ അവസരത്തില്‍ BCS ആണ് രോഗി ആഗ്രഹിക്കുന്നതെങ്കില്‍ അസുഖം ബാധിച്ച ഭാഗം പ്രത്യേക dye (Permanent Marker) ഉപയോഗിച്ച് മാര്‍ക്ക് ചെയ്യുകയും ശസ്ത്രക്രിയയുടെ സമയത്ത് ട്യൂമര്‍ പൂര്‍ണ്ണമായും ചുരുങ്ങിയിട്ടുണ്ടെങ്കിലും മാര്‍ക്ക് ചെയ്ത ഭാഗം മുഴുവന്‍ നീക്കം ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ Oncoplastic BCS ആണ് അഭികാമ്യം.

BCS ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു സന്ദര്‍ഭമാണ് Multifocal Breast Cancer. അതായത്, ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് ഒരു ബ്രെസ്റ്റിൽ തന്നെ കാന്‍സര്‍ ഉണ്ടാവുക. അതിനാല്‍ സ്തനം നിലനിര്‍ത്തിക്കൊണ്ടുള്ള സ്തനാര്‍ബുദ ശസ്ത്രക്രിയക്കു മുമ്പ് ഒരു Breast MRI (MR Mammogram) ചെയ്ത് രോഗം Multifocal അല്ലെങ്കില്‍ പ്രധാന മുഴയില്‍ നിന്നു മാറി satelite കാന്‍സറുകള്‍ ഇല്ല എന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.

സ്തനാര്‍ബുദ ശസ്ത്രക്രിയയില്‍ വന്ന മറ്റൊരു മാറ്റം എന്നത് Breast Reconstruction (സ്തന പുനര്‍നിര്‍മ്മാണം) ആണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ പേശികള്‍, ഫാറ്റ്, തൊലി എന്നിവ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ സ്തന പുനര്‍നിര്‍മ്മാണത്തിന് വിജയകരമായി ഉപയോഗപ്പെടുത്തുന്നു. കൂടാതെ, വിവിധതരം ഇംപ്ലാന്റുകളും സ്തന പുനര്‍നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സ്തനാര്‍ബുദം വന്നാല്‍ സ്‌ത്രൈണത നഷ്ടപ്പെടാതെ തന്നെ സ്തനാര്‍ബുദ ചികിത്സ നടത്താം എന്നതാണ് ആധുനിക സ്തനാര്‍ബുദ ശസ്ത്രക്രിയയുടെ നേട്ടം.

News & Articles

more articles