സാധാരണ ഞാൻ എല്ലാ മാസവും ആദ്യ ദിവസം അതാത് മാസത്തെ കാൻസർ മാസാചരണം എന്റെ സുഹൃത്തുക്കളെ അറിയിക്കാറുണ്ട്. കാൻസർനെകുറിച്ചുള്ള ഭീതി അകറ്റാനും, മിക്ക കാൻസറുകളും ചികിൽസിച്ചു ഭേദമാക്കാമെന്നും അതിനുവേണ്ടി നാം ഈ അസുഖത്തെ നേരത്തെ കണ്ടുപിടിക്കണമെന്നും സാധാരണ ജനത്തെ ബോധ്യപ്പെടുത്താനും അതുവഴി കാൻസർനെകുറിച്ചുള്ള മിഥ്യാധാരണകൾ അകറ്റാനും വേണ്ടിയാണ് ഞാൻ ഇതുചെയ്യുന്നത്. പല സുഹൃത്തുക്കളും എന്നെ ഫോണിൽ വിളിക്കുകയും, സംശയനിവാരണം നടത്തുകയും ചെയ്യാറുണ്ട്.
ഇങ്ങനെ വരുന്ന സാധാരണ സംശയങ്ങൾക്ക് ഉത്തരമായാണ് ഞാൻ ഇത്തവണ വരുന്നത്.
എന്താണ് കാൻസർ മാസാചരണം?
അമേരിക്കൻ കാൻസർ സൊസൈറ്റി വർഷത്തിലെ 11 മാസങ്ങൾ ഓരോ കാൻസറിന്റെ ബോധവത്കരണത്തിനും, അത് തടയാനുള്ള മാർഗങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനും, അതാതു കാൻസറിന്റെ നൂതന ചികിത്സകൾ സാധാരണക്കാരിലേക്ക് എത്തിക്കാനും വേണ്ടി മാറ്റിവച്ചിരിക്കുന്നു. 12 മാസം കഴിഞ്ഞ 11 മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനുമായി ചിലവഴിക്കുന്നു.
മാർച്ച് മാസം ഏത് കാൻസർ ബോധവത്കരണമാണ് ഉദ്ദേശിക്കുന്നത്?
വൻകുടൽ, മലദ്വാര കാൻസറുകളാണ് ഈ മാസത്തെ വിഷയം.
കാൻസർ പകരുമോ, കാൻസർ രോഗികളുമായി മറ്റുള്ളവർ ഇടപഴകുന്നത് പ്രശ്നമാണോ?
കാൻസർ ഒരു പകർച്ചവ്യാധി അല്ല. രോഗിയുമായുള്ള സമ്പർക്കം മൂലം കാൻസർ മറ്റൊരാളിലേക്ക് പകരുകയില്ല.
കാൻസർ ചികിൽസിച്ച് ഭേദമാക്കാൻ പറ്റുമോ?
ആധുനിക കാൻസർ ചികിത്സ കൊണ്ട് പ്രാരംഭത്തിൽ കണ്ടുപിടിക്കുന്ന മിക്ക കാൻസറുകളും ചികിൽസിച്ച് ഭേദപ്പെടുത്താൻ സാധിക്കും.
എന്താണ് ആധുനിക കാൻസർ ചികിത്സ?
കാൻസർ സർജറി അഥവാ സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി എന്നിവർ ഒരുമിച്ച് ചേർന്ന് നടത്തുന്ന സമഗ്ര കാൻസർ ചികിത്സക്കാണ് ആധുനിക കാൻസർ ചികിത്സ എന്നു പറയുന്നത്.
എല്ലാവർക്കും ഈ ചികിത്സകൾ ആവശ്യമാണോ?
എല്ലാവർക്കും വേണ്ടി വരികയില്ല. രോഗത്തിന്റെ സ്റ്റേജ് അനുസരിച്ചാണ് ഇതു നിശ്ചയിക്കുന്നത്. എങ്കിലും എല്ലാ വിദഗ്‌ദരും ചേർന്ന് നിശ്ചയിക്കുന്നതിനു സൗകര്യമുള്ള സ്ഥലങ്ങളാണ് കാൻസർ ചികിത്സയ്ക്ക് ഏറ്റവും അഭികാമ്യം.
കാൻസറിനെ ഇത്ര നിസ്സാരമായി കാണാൻ സാധിക്കുമോ?
ഏതു രോഗവും അതിന്റെ അവസാന അവസ്ഥയിൽ എത്തിയാൽ ചികിൽസിച്ച് ഭേദമാക്കുക ദുഷ്ക്കരമാണ്. അതുപോലെ കാൻസറും അവസാന സ്റ്റേജിൽ ഭേദപ്പെടുത്താൻ സാധിക്കുകയില്ല.
കാൻസർ നേരത്തെ കണ്ടുപിടിക്കാൻ സാധിക്കുമോ?
പലകാൻസറുകളും അതിന്റെ ലക്ഷണങ്ങൾ വരുന്നതിനു മുമ്പേ ചില തുടർ പരിശോധനയിലൂടെ കണ്ടു പിടിക്കാൻ സാധിക്കും. അതിനാണ് എല്ലാമാസവും നമ്മൾ ഓരോ കാൻസറുകളുടെ ബോധവൽക്കരണം നടത്തുന്നത്.
കാൻസർ വരാതിരിക്കാൻ നാം എന്തുചെയ്യണം?
മറ്റു ജീവിത ശൈലി രോഗങ്ങളിൽ എന്നപോലെ ക്രമീകൃതമായ ജീവിത ശൈലിയിലൂടെയും ഭക്ഷണക്രമത്തിലൂടെയും ഒരുപരിധിവരെ കാൻസർ വരാതെ നമുക്ക് നോക്കാവുന്നതാണ്. ഇതിനെകുറിച്ച് വിശദമായി ഞാൻ എഴുതുന്നതാണ്.
കേരളത്തിൽ ആധുനിക കാൻസർ ചികിത്സ ലഭ്യമാണോ?
കേരളത്തിലെ പല കാൻസർ സെന്ററുകളിലും ലോകത്തിന്റെ ഏതുഭാഗത്തും ലഭിക്കുന്ന ചികിത്സ ലഭ്യമാകുന്നുണ്ട്.