കോവിഡ് കാലത്തെ കാൻസർ ചികിത്സയെ കുറിച്ച് ഇനിയും വ്യക്തമായ ഔദ്യോഗിക മാർഗനിർദേശങ്ങൾ ഒന്നും തന്നെ നമുക്ക് ലഭ്യമല്ല. ഇത്തരുണത്തിൽ പല രോഗികളും സംശയ നിവാരണത്തിനായി സമീപിക്കുന്നതിനാൽ ചില പ്രായോഗിക നിർദേശങ്ങൾ നൽകാം എന്നു കരുതുന്നു.
ഗ്രൂപ്പ് - 1 : അർബുദ രോഗ നിര്ണയത്തിനുശേഷം ചികിത്സക്കായി കാത്തിരിക്കുന്നവർ - പ്രധാനമായും സർജറി ആവശ്യമുള്ളവർ.
ഗ്രൂപ്പ് - 2 : തുടർ ചികിത്സ നടത്തുന്നവർ.
ഗ്രൂപ്പ് - 3 : രോഗമുക്തിക്ക് ശേഷം നിശ്ചിത കാലയളവിൽ പരിശോധന നടത്തുന്നവർ.
ഗ്രൂപ്പ് - 4 : സാന്ത്വന ചികിത്സ നേടുന്നവർ.
ഗ്രൂപ്പ് - 5 : അർബുദ രോഗം സംശയിക്കപ്പെടുന്നവർ.
കൊറോണ പോലെ സമൂഹത്തിൽ ഭയാശങ്ക ഉളവാക്കുന്നതും അതേ പോലെ ആരംഭത്തിലുള്ള ചികിത്സ വഴി പല അർബുദവും ഭേദപ്പെടുത്താവുന്നതും ആയതിനാൽ സാമൂഹിക അകലം പാലിച്ചും കൂട്ടം കൂടുന്നത് ഒഴിവാക്കിയും വ്യക്തിശുചിത്വം പാലിച്ചും നമുക്ക് കാൻസർ ചികിത്സ തുടരാവുന്നതാണ്. സമഗ്ര കാൻസർ ചികിത്സ നടത്തുന്ന കേന്ദ്രങ്ങളാണ് ഇതിന് അഭികാമ്യം. ഓങ്കോസർജറി, മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി എന്നിവ ഒരുമിച്ചുണ്ടെങ്കിൽ ലോക്ഡൗണിന്റെ പരിധി ലംഘിക്കാതെ ചികിത്സ സാധ്യമാക്കാം. മറ്റു ആശുപത്രി വിഭാഗങ്ങൾ നമുക്ക് കൊറോണ പ്രതിരോധത്തിനായി സജ്ജമാക്കുകയും ചെയ്യാം.
ഗ്രൂപ്പ് - 1 : കാൻസർ ശസ്‌ത്രക്രിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ടശേഷം ആശുപത്രി സന്ദർശനം ഏറ്റവും കുറച്ച് ചികിത്സ മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്.
ഗ്രൂപ്പ് - 2 : ദിവസവും സമയം ക്രമീകരിച്ച് കൂട്ടം കൂടുന്നത് ഒഴിവാക്കി കീമോ തെറാപ്പി, റേഡിയേഷൻ ചികിത്സകൾ തുടരാവുന്നതാണ്.
ഗ്രൂപ്പ് - 3 : ലോക് ഡൗൺ കഴിയുന്നതുവരെ ടെലി മെഡിസിൻ സംവിധാനം ഉപയോഗിക്കുക. ആശുപത്രി സന്ദർശനംഒഴിവാക്കുക.
ഗ്രൂപ്പ് - 4 : ഏറ്റവും അടുത്തുള്ള സാന്ത്വന ചികിത്സ വിഭാഗവുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ സ്വീകരിക്കുക. യാത്ര ഒഴിവാക്കുക. ടെലി മെഡിസിൻ സംവിധാനം ഉപയോഗിക്കുക.
ഗ്രൂപ്പ് - 5 : സമീപത്തുള്ള ഓങ്കോസർജറി, മെഡിക്കൽ ഓങ്കോളജി വിഭാഗവുമായി ടെലി മെഡിസിൻ വഴി ബന്ധപ്പെട്ടശേഷം അത്യാവശ്യമുള്ളവർ മാത്രം ആശുപത്രി സന്ദർശിക്കുക.
സമൂഹത്തിൽ വരുന്ന കൊറോണ വ്യാപന തോത് അനുസരിച്ച് സർക്കാർ നിർദേശങ്ങൾ നമ്മൾ പൂർണ്ണമായും പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.