പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെക്കുറിച്ചു പലരും എന്നോടു ചോദിക്കാറുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കാന്‍സര്‍ ഉണ്ടാക്കുമോ എന്നതാണ് പലരുടെയും സംശയം. കാന്‍സര്‍ അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളും പ്ലാസ്റ്റിക് മൂലം സംഭാവിക്കാറില്ലേ എന്നു ചോദിക്കുന്നവരുണ്ട്. രണ്ടു ചോദ്യങ്ങളുടെയും ഉത്തരം ‘അതേ’ എന്നാണ്. എങ്കില്‍ പിന്നെന്തിനാണ് ആശുപത്രികളിലും ആശുപത്രികളിലെ കാന്റീനുകളിലും പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് നിര്‍മ്മിത സാധനങ്ങളും ഉപയോഗിക്കുന്നത് എന്ന ചോദ്യവും പലരും ഉയര്‍ത്താറുണ്ട്. അവിടെയും അവ ഉപയോഗിക്കാന്‍ പാടില്ല എന്നതുതന്നെയാണ് ഉത്തരം.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം എന്നത് സങ്കീർണ്ണമായ ഒരു വിഷയമാണിത്. പ്ലാസ്റ്റിക്ക് ഉപയോഗം കാന്‍സര്‍ ഉണ്ടാക്കുമോ എന്നതിലുപരി പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കഴിയുന്നത്ര ലഘുവായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
പ്ലാസ്റ്റിക്ക് എന്നാല്‍ എന്താണെന്നു മനസിലാക്കേണ്ടത് ആവശ്യമാണ്. പ്രകൃതിദത്തമായതോ സിന്തറ്റിക് ആയാതൊ ആയ, വിവിധ പോളിമറുകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന വസ്തുവിനെയാണ് നാം പ്ലാസ്റ്റിക്ക് എന്നു വിളിക്കുന്നത്. നൂറുകണക്കിന് പ്ലാസ്റ്റിക്കുകള്‍ ഇന്ന് നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് എന്നത് ഒരു ടൈപ്പ് മാത്രമല്ല എന്ന് പ്രത്യേകം ഓര്‍മ്മിക്കുക. കാരണം വളരെയധികം ആളുകളും പ്ലാസ്റ്റിക്ക് എന്നാല്‍ ഒരു വസ്തു മാത്രം ആണ് എന്നാണ് മനസിലാക്കിയിട്ടുള്ളത്.
ഇന്നത്തെ കണക്ക് നോക്കുകയാണെങ്കില്‍, ലോകത്ത് ഏതാണ്ട് 8.3 കോടി ടൺ പ്ലാസ്റ്റിക്ക് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 6.5 കോടി ടണ്ണും പ്ലാസ്റ്റിക്ക് വേസ്റ്റ് ആണെന്നു കൂടി നമ്മള്‍ മനസിലാക്കണം.
വളരെയധികം പ്രയോജനങ്ങള്‍ മാനവരാശിക്ക് നല്‍കിയിട്ടുള്ള പ്ലാസ്റ്റിക്ക് ഇന്ന് നമുക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്ത നിത്യോപയോഗവസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഭക്ഷ്യവിതരണ രംഗത്ത്, എന്തിന് ദിവസവും ഭക്ഷണം കഴിക്കുന്നതു വരെ പ്ലാസ്റ്റിക്ക് കൂടാതെ നടക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ, ഇത് വളരെ അപകടകരമായ ഒരു സാഹചര്യമാണ്. അതിനാൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമ്മുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നത് എങ്ങനെയാണെന്നു മാത്രമാണ് ഈ ലേഖനത്തിൽ നമ്മൾ കാണുന്നത്.
നാമോരോരുത്തരും ഒരാഴ്ചയില്‍ അഞ്ചു ഗ്രാം പ്ലാസ്റ്റിക്ക് കഴിക്കുന്നു എന്നതാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ത്തന്നെ നാം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമീപഭാവിയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യപ്രശ്‌നമായി ഇത് മാറുമെന്നതില്‍ സംശയമില്ല.
നൂറുകണക്കിന് പ്ലാസ്റ്റിക്ക് ഉണ്ടെങ്കിലും നാം സാധാരണ ഉപയോഗിക്കുന്നവയെ ഏഴായി തരം തിരിച്ചിട്ടുണ്ട്. നമ്മള്‍ ഉപയോഗിക്കുന്ന വസ്തുവിന്റെ/പാത്രത്തിന്റെ/ കുപ്പിയുടെ ചുവട്ടില്‍ ഈ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ നിന്നും ഏതു തരം പ്ലാസ്റ്റിക്ക് ആണെന്നും അതിന്റെ പ്രോപ്പേര്‍ട്ടീസ് എന്താണെന്നും മനസിലാക്കാന്‍ സാധിക്കും.
വിവിധ പ്ലാസ്റ്റിക്കുകളും അവയുടെ നമ്പറും താഴെ കൊടുക്കുന്നു
USFDA- യുടെ ഡോക്യുമെന്റില്‍ പറയുന്നത്, പ്ലാസ്റ്റിക്ക് പാത്രങ്ങൾ ചൂടാക്കുമ്പോള്‍ 55 മുതല്‍ 65 വരെ വിവിധ കെമിക്കലുകള്‍ ഭക്ഷണത്തില്‍ കലര്‍ന്നേക്കാമെന്നാണ്. ഇതില്‍ പല കെമിക്കലുകളും സ്ഥിരമായി കഴിക്കുന്നവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.
നമ്പർ 3 വിഭാഗത്തില്‍പെടുന്ന പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന വിനയൽ ക്ളോറൈഡ് (Vinyl Chloride) ലിവർ കാൻസർ, ലിംഫോമ, ലുക്കേമിയ എന്നിവയ്ക്ക് കാരണമാകുമെന്ന് മെഡിക്കല്‍ സയന്‍സ് കണ്ടുപിടിച്ചിട്ടുണ്ട്. അതിനാൽ PVC ആണ് ഏറ്റവും അപകടകാരിയായ പ്ലാസ്റ്റിക് ആയി കരുതപ്പെടുന്നത്.
Food Grade അല്ലാത്ത എന്നാൽ വിവിധ ആവശ്യങ്ങൾക്കായി സ്ഥിരമായി നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്നും Dioxins, Pthalates, Vinyl choloride, Ethylene Dichloride, Lead, Cadmium തുടങ്ങിയ വിഷവസ്തുകൾ നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷത്തിലും മണ്ണിലും ജലസ്രോതസ്സുകളിലും കലരുകയും അങ്ങനെ അത് ഭക്ഷണത്തിലൂടെ നമ്മുടെ ഉള്ളിൽ എത്തിച്ചേരുകയും വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
ഫതാലേറ്റ് (Phthalates) എന്ന വസ്തു പ്ലാസ്റ്റിക്ക് മൃദുവാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ്. ഇത് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ നമ്മുടെ വിവിധ അന്തഃസ്രാവീ വ്യൂഹ (അന്തഃസ്രാവീ വ്യൂഹം = Endocrine System: മനുഷ്യനുൾപ്പെടെ, നട്ടെല്ലുള്ള ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണു് അന്തഃസ്രാവീ വ്യൂഹം) അവയവങ്ങളുടെ പ്രവര്‍ത്തനത്തെ നശിപ്പിക്കുകയും നാം വിവിധ രോഗങ്ങള്‍ക്ക് അടിമയായിത്തീരുകയും ചെയ്യും. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, ഭക്ഷണ കണ്ടെയ്‌നറുകള്‍ എന്നിവയിൽ ഇത് ഒരിക്കലും ഉപയോഗിക്കാന്‍ പാടുള്ളതല്ല. പല യൂറോപ്യന്‍ രാജ്യങ്ങളും ഇത് നിരോധിച്ചു കഴിഞ്ഞു.
അടുത്ത അപകടകാരിയാണ് ബിസ്‌ഫെനോൽ A എന്ന കെമിക്കല്‍. ഇത് അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക്ക് പാത്രങ്ങളില്‍ സൂക്ഷിക്കുന്ന ഭക്ഷണ പദാർത്ഥത്തിലേയ്ക്ക് ഇത് കലരുകയും, അതുവഴി ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ സ്ഥിരമായി കഴിക്കുന്നവരില്‍ കാന്‍സര്‍, ഇന്‍ഫെര്‍ട്ടിലിറ്റി എന്നിവ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാകുകയും ചെയ്യും. ചില രാജ്യങ്ങൾ നിയമം വഴി ഇതിനെ നിരോധിച്ചിട്ടുണ്ട് അപ്പോൾ അതിന് പകരക്കാരനായി അവതരിപ്പിച്ച BPS അഥവാ Bisphenol S ഇതേപോലെ തന്നെ അപകടകാരിയാണ് എന്നതാണ് വാസ്തവം.
Dioxin എന്ന രാസവസ്തു Dirty Dozen എന്ന അപകടകാരിയായ രാസവസ്തു വിഭാഗത്തില്‍പെടുന്നതാണ്. നമ്മുടെ ശരീരത്തില്‍ കയറിയാല്‍ ജീവിതാവസാനം വരെ നമ്മുടെ ശരീരത്തില്‍ തന്നെ ഉണ്ടാകും എന്നതാണ് ഈ വിഷത്തിന്റെ പ്രത്യേകത.
ഇനി എപ്പോഴാണ് പ്ലാസ്റ്റിക്കില്‍ നിന്നും ഈ വസ്തുക്കള്‍ ഭക്ഷണത്തില്‍ കലരുന്നത് എന്നു നോക്കാം. ഏറ്റവും കൂടുതൽ പ്രശ്നം Food Grade അല്ലാത്ത പ്ലാസ്റ്റിക്ക് ഉപയോഗിക്കുമ്പോൾ ആണ്. ഇനി ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ആണെങ്കിൽ തന്നെ ഭക്ഷണം പ്ലാസ്റ്റിക്ക് പാത്രങ്ങളില്‍ ചൂടാകുമ്പോൾ പല രാസപദാര്‍ത്ഥങ്ങളും ലീച്ചിങ് (Leaching) എന്ന പ്രോസസ്സ് വഴി ഭക്ഷണത്തില്‍ കലരും. അതിനാല്‍ ഭക്ഷണം ചൂടാക്കാന്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
അതിനാലാണ് കാറിനകത്തും മറ്റും കിടന്ന് ചൂടായ പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളിലെ വെള്ളം ഉപയോഗിക്കരുത് എന്ന് പറയുന്നത്. അതുപോലെ തന്നെ ‘Single Use’ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പ്ലാസ്റ്റിക്ക് കണ്ടെയ്‌നറുകള്‍ വീണ്ടും ഉപയോഗിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
ചുളുങ്ങിയതും പൊട്ടല്‍ വീണതുമായ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. കാരണം, ഇവയില്‍ നിന്നും ടോക്‌സിക് മെറ്റീരിയല്‍സ് ലീച്ചിങ് വഴി പുറത്തേക് വരുന്നത് കൂടുതലായിരിക്കും.
ഏതായാലും പ്ലാസ്റ്റിക്ക് ഉപയോഗിക്കാതെ നമുക്ക് മുമ്പോട്ട് പോകാന്‍ സാധിക്കില്ല. അപ്പോള്‍ കഴിയുന്നത്ര സുരക്ഷിതമായി പ്ലാസ്റ്റിക്ക് എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം.
#2, #4, #5 എന്നീ നമ്പറിലുള്ള പ്ലാസ്റ്റിക്ക് പാത്രങ്ങളില്‍ ഉപയോഗിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഒരു പരിധി വരെ No.1 Plastic പാത്രങ്ങളും സുരക്ഷിതമായി ഉപയോഗിക്കാം.
ഈ ആരോഗ്യപ്രശ്‌നങ്ങള്‍ തലമുറകള്‍ നീണ്ടുനില്‍ക്കുന്നതായതിനാല്‍ കഴിയുന്നത്ര പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ നാം ശ്രദ്ധിക്കണം. അതിനായുള്ള ചില വഴികള്‍ ഇനിപ്പറയുന്നവയാണ്.
ഇതിന്റെയെല്ലാം വെളിച്ചത്തില്‍ വിവിധ പ്ലാസ്റ്റിക്കുകളും അവയുടെ നമ്പറും അവ ഉപയോഗിക്കാമോ വേണ്ടയോ എന്ന കാര്യവും ചുവടേ ചേര്‍ത്തിരിക്കുന്നു.
എല്ലായിടത്തും പ്ലാസ്റ്റിക്കാണ് നമ്മൾ കാണുന്നത്. ഇത് നമ്മുടെ ജീവനുതന്നെ ഭീഷണിയാണെന്ന് അറിഞ്ഞിട്ടുപോലും അതിന്റെ ഉപയോഗം കുറയ്ക്കാൻ പലരും തയ്യാറാകുന്നില്ല എന്നതു ഖേദകരമാണ്. ജീവനെ രക്ഷിക്കുകയാണ് നമ്മൾ എല്ലാവരുടെയും ലക്‌ഷ്യം; അതിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഉൾപ്പെടുന്നു. അതിനാൽ മേൽപ്പറഞ്ഞ രീതിയിൽ പ്ലാസ്റ്റിക്കിന്റെ വിവിധ തരങ്ങള്‍ ഏതൊക്കെയെന്നു മനസിലാക്കി ഒഴിവക്കേണ്ടതിനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നമുക്ക് ശ്രമിക്കാം.