Caritas Cancer Institute, Kottayam, Kerala
drjojovjoseph@gmail.com
Connect on WhatsApp

Articles

തൈറോയിഡിൽ ഉണ്ടാകുന്ന കാന്‍സറുകള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത്

ഞാന്‍ എം.ബി.ബി.എസ്. പഠിക്കുന്ന കാലം. സർജറി തിയറി ക്ലാസ് ആണ് രംഗം. എല്ലാ മെഡിക്കൽ വിദ്യാർത്ഥികളുടെയും പേടി സ്വപ്നമായ സർജറി പ്രൊഫസർ ചാക്കോ വാലയിൽ സാറിന്റെ ഓങ്കോളജി ക്ലാസിന്റെ ആദ്യ ദിവസം. ഗൗരവം വിടാതെ അദ്ദേഹം ആരംഭിച്ചു.

"ഈശ്വരൻ നിങ്ങളോട് പറയുകയാണ് നിങ്ങൾക്ക് കാൻസർ തീർച്ചയായും വരാം; എന്നാൽ ഏത് കാൻസർ വേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം."

എല്ലാവരുടെയും മുഖം വിളറി. കാരണം അക്കാലത്ത് (30 വർഷം മുൻപ്) കാൻസർ എന്ന് പറഞ്ഞാൽ മരണം എന്നാണ് ഞങ്ങൾ മനസ്സിലാക്കിയിരുന്നത്.

ആരും ഉത്തരം പറഞ്ഞില്ല. ആ വെല്ലുവിളി ഏറ്റെടുക്കാൻ ആർക്കും ധൈര്യം വന്നില്ല. അവസാനം അദ്ദേഹം പറഞ്ഞു: "എന്നോടാണ് ഈ ചോദ്യം എങ്കിൽ ഞാൻ തൈറോയിഡ് കാൻസർ തിരഞ്ഞെടുക്കും. കാരണം ചികിത്സിച്ച് മാറ്റാൻ പറ്റുന്ന ഒന്നാണ് തൈറോയിഡിൽ ഉണ്ടാകുന്ന പാപ്പിലറി കാൻസർ!"

തുടർന്ന് അദ്ദേഹം തൈറോയിഡ് കാൻസറിനെ കുറിച്ച് ഞങ്ങൾക്ക് പറഞ്ഞു തന്നു. എല്ലാ പ്രായക്കാരിലും വരുന്ന ഒരു കാൻസർ ആണ് ഇതെന്നും ഇത് വിവിധ തരം ഉണ്ടെന്നും ഇതിന്റെ ലക്ഷണങ്ങള്‍ ഏതെല്ലാം ആണെന്നും എങ്ങനെ ഇത് കണ്ടുപിടിക്കാമെന്നും ചികിത്സാ രീതികള്‍ എന്തൊക്കെയാണന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ന് വര്‍ഷങ്ങള്‍ ഏറെ കടന്നു പോയിരിക്കുന്നു. കാന്‍സര്‍ ചികിത്സാ രീതികള്‍ക്ക് വലിയ പുരോഗതി സംഭവിച്ചിരിക്കുന്നു. കാൻസർ എന്ന് പറഞ്ഞാൽ മരണം എന്ന അവസ്ഥ മാറി. ഏതു തരം കാന്‍സറും കൃത്യമായ സമയത്ത് ചികിത്സ ആരംഭിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ ഇന്ന് വൈദ്യ ശാസ്ത്രത്തിനു സാധിക്കുമെന്ന നിലയിലെത്തി കാര്യങ്ങള്‍.

എങ്കിലും അന്ന് അദ്ദേഹം തൈറോയിഡ് കാൻസറിനെ കുറിച്ച് ഞങ്ങൾക്ക് പറഞ്ഞു തന്ന വിവരങ്ങള്‍ ഇന്നും പ്രസക്തം തന്നെ‌. ആളുകള്‍ക്ക് അത്തരം വിഷയത്തില്‍ ഇപ്പോഴും അജ്ഞത ഉള്ളതിനാല്‍ അക്കാര്യം എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയാണ്.

തൈറോയിഡിൽ ഉണ്ടാകുന്ന കാന്‍സറുകള്‍

  • പാപ്പിലറി കാൻസർ
  • ഫോളികുലാർ കാൻസർ
  • മെഡുല്ലറി കാൻസർ
  • ലിംഫോമാ
  • അനാ പ്ലാസ്റ്റിക് കാൻസർ

ഇതിൽ ഒന്നും രണ്ടുമാണ് ഏതാണ്ട് 98 ശതമാനം രോഗികളിലും കാണപ്പെടുക. ഇവ പൂർണ്ണമായും ചികിൽസിച്ചു ഭേദപ്പെടുത്താവുന്നതാണ്.

രോഗ ലക്ഷണങ്ങൾ

  • തൈറോയിഡ് മുഴുവനായും വീർത്തു വരിക
  • തൈറോയിഡിൽ മുഴകൾ പ്രത്യക്ഷപ്പെടുക
  • കഴുത്തിൽ മുഴകൾ പ്രത്യക്ഷപ്പെടുക
  • ശബ്ദ വ്യത്യാസം, വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുക

തൈറോയിഡ് മുഴകൾ എങ്ങനെ അറിയാം

  • കഴുത്തിന്റെ താഴ്‌വശത്തു നമ്മുടെ ശ്വാസനാളത്തിന്റെ (Windpipe) ഇരു വശവുമായി വിഴുങ്ങുമ്പോൾ മുകളിലേക്ക് മാറുന്ന മുഴകൾ.
  • സാധാരണ മറ്റുള്ളവരാണ് നമ്മുടെ മുഴ ആദ്യം കാണുക.
  • കണ്ണാടിയിൽ നോക്കുമ്പോൾ നമുക്ക് കാണാവുന്നതാണ്.

എങ്ങനെ കണ്ടുപിടിക്കാം

  • ക്ലിനിക്കൽ പരിശോധന വഴി മുഴ സ്ഥിരീകരിക്കുന്നു.
  • അൾട്രാസൗണ്ട് പരിശോധനയിൽ മുഴയുടെ ഗുരുതരാവസ്ഥ നിർണ്ണയിക്കപ്പെടുന്നു. (TIRADS എന്ന പേരാണ് ഇതിന് ഉപയോഗിക്കുന്നത്).
  • FNAC പരിശോധന വഴിയും കണ്ടുപിടിക്കാം. (ചെറിയ സൂചി ഉപയോഗിച്ച് മുഴയിൽനിന്നും കോശങ്ങൾ വലിച്ചെടുത്തു നടത്തുന്ന പരിശോധന).

ചികിത്സ

  • അസുഖം ബാധിച്ച തൈറോയിഡ് പൂർണമായും നീക്കം ചെയ്യുക (Total thyroidectomy).
  • അസുഖം ബാധിച്ച കഴലകൾ നീക്കം ചെയ്യുക (Neck dissection).
  • റേഡിയോ അയഡിൻ സ്കാനിങ് - രോഗ വ്യാപ്തി നിർണ്ണയം.
  • റേഡിയോ അയഡിൻ തെറാപ്പി - ശരീരത്തിലെ കാൻസർ കോശങ്ങൾ പൂർണ്ണമായും നശിപ്പിക്കുന്ന തെറാപ്പി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഭയപ്പെടതിരിക്കുക
  • തൈറോയിഡ് കാൻസർ ചികിത്സക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉള്ള ആശുപത്രി തെരഞ്ഞെടുക്കുക.
  • ഞരമ്പുകൾക്കു കേടു കൂടാതെ മുഴ പൂർണ്ണമായും നീക്കം ചെയ്യുകയും കഴലകൾ നീക്കം ചെയ്യെണ്ടതുമായതിനാൽ ഒരു കാൻസർ സർജനെ കൊണ്ട് സർജറി ചെയ്യിക്കുക.
  • കൃത്യമായി മരുന്നുകൾ കഴിക്കുക.

ശരിയായ ചികിത്സ കൊണ്ട് തൈറോയിഡ് കാൻസർ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാം എന്നത് നമുക്ക് ഏവര്‍ക്കും ആശ്വാസം നല്‍കുന്ന ഒരു കാര്യമാണ്.