Articles

എനിക്ക് കാൻസറുണ്ടോ എന്നു ഞാൻ എങ്ങനെ അറിയും?

ഈയിടെ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ പോയിരുന്നു. പല സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമൊക്കെ റിട്ടയേര്‍ഡ് ചെയ്ത അദ്ധ്യാപകരുടെ ഒരു അസോസിയേഷന്റെ മീറ്റിങ്ങായിരുന്നു അത്. മൂന്നു-നാലു മാസം കൂടുമ്പോള്‍ അവർ ഒരുമിച്ചു കൂടും; കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. ആ യോഗത്തിലേക്കാണ് എന്നെയും ക്ഷണിച്ചിരിക്കുന്നത്. കാന്‍സർ സംബന്ധമായ കാര്യങ്ങളാണ് ഞാൻ ചെന്ന ദിവസത്തെ ചർച്ചാ വിഷയം. കൃത്യമായ രീതിയിൽ ഉള്ള ഒരു ക്ലാസല്ല ഒരു ഇന്ററാക്ഷനാണ് അവര്‍ ഉദ്ദേശിക്കുന്നത്.

പല സംശയങ്ങളും അവര്‍ ചോദിച്ചു. പുകവലി, മദ്യപാനം, ഭക്ഷണ ക്രമം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു. ചോദ്യങ്ങൾക്കുള്ള മറുപടികൾ ഞാൻ നൽകി. എല്ലാവരും അധ്യാപകർ ആയിരുന്നതിനാൽ, വളരെ കൃത്യനിഷ്ഠയോടെയാണ് അവർ തങ്ങളുടെ അനുദിന ജീവിതത്തിലെ കാര്യങ്ങൾ ചെയ്തിരുന്നത്. അദ്ധ്യാപകര്‍ അങ്ങനെയാണല്ലോ. അവര്‍ റോള്‍ മോഡല്‍സാണ്.

ഒടുവിൽ ചോദ്യങ്ങൾ എത്തിനിന്നത്, എങ്ങനെ കാന്‍സര്‍ കണ്ടുപിടിക്കാം എന്നതിലായിരുന്നു. അതിനു മറുപടിയായി 'കാന്‍സര്‍ സ്‌ക്രീനിംഗ്' എന്താണ് എന്നു ഞാൻ വിശദീകരിച്ചു. പ്രത്യേക രോഗലക്ഷണങ്ങള്‍ വരുന്നതിനു മുമ്പു തന്നെ നമുക്ക് രോഗം എന്താണ് എന്ന് കണ്ടുപിടിക്കാം. അതിനെയാണ് 'കാന്‍സര്‍ സ്‌ക്രീനിംഗ്' എന്നു പറയുന്നത്. അതായത് ആരോഗ്യമുള്ള ആളുകളില്‍ തന്നെ ചില ടെസ്റ്റുകള്‍ നടത്തുക; അതിന്റെ ഫലമായി അവർക്ക് ഏതു രോഗം വരാനാണ് സാധ്യത എന്നു കണ്ടെത്തി, ചികിത്സിക്കുക.

അപ്പോൾ അവർ അടുത്ത സംശയം ഉയർത്തി. അത് പ്രധാനപ്പെട്ട ഒന്നായിരുന്നു.

"ഞങ്ങളുടെ കൂട്ടത്തിലുള്ള ഒന്നുരണ്ടു പേര്‍ക്ക് കാന്‍സറിന് വന്നതിന് യാതൊരു വിധ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. ചെറിയ ലക്ഷണങ്ങളുമായി, ആശുപത്രിയില്‍ ചെന്നു. പക്ഷേ, ചെക്കപ്പുകൾ നടത്തിക്കഴിഞ്ഞപ്പോൾ മിക്കവാറും കാന്‍സറുകള്‍ ഫൈനല്‍ സ്റ്റേജിലാണെന്നു കണ്ടുപിടിച്ചു."

മറ്റുള്ളവർക്ക് ഇങ്ങനെ വരാതിരിക്കാൻ എന്തു ചെയ്യണം എന്നതായിരുന്നു അവരുടെ സംശയം. അതിലും ഉപരി, 'കാന്‍സര്‍ സ്‌ക്രീനിംഗ്' അല്ലാതെ മറ്റേതെങ്കിലും രീതിയിൽ കാൻസർ ഉണ്ടോ എന്നു കണ്ടുപിടിക്കാനാവുമോ എന്നതായിരുന്നു അവരുടെ കൃത്യമായ സംശയം.

ആ സംശയം അവരുടെ മാത്രമല്ല, എല്ലാവരുടേയും തന്നെ സംശയമായിരുന്നു. 'കാന്‍സര്‍ സ്‌ക്രീനിംഗ്' എപ്പോഴും എല്ലാവർക്കും ചെയ്യാൻ സാധിച്ചു എന്നു വരില്ല. സാമ്പത്തിക സ്ഥിതിയും ജീവിത രീതിയും പലർക്കും വ്യത്യസ്തമാകയാൽ 'കാന്‍സര്‍ സ്‌ക്രീനിംഗ്' ഒരു ലളിത സാധാരണ രീതിയായി കരുതാനും വയ്യ.

അവരുടെ സംശയങ്ങൾക്ക് ഞാൻ മറുപടി നല്കാൻ ആരംഭിച്ചു.

ശരീരത്തിൽ എവിടെയൊക്കെ കാൻസർ വരാം, കാന്‍സര്‍ കണ്ടുപിടിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങളുണ്ടോ, കാന്‍സറിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ ശരീരം കാണിക്കുമോ, ശരീരം എന്തൊക്കെ അടയാളങ്ങളാണ് നമുക്ക് നൽകുന്നത് തുടങ്ങിയ കാര്യങ്ങൾ ഞാൻ അവരോട് വിശദീകരിച്ചു.

എവിടെയൊക്കെ കാൻസർ വരാം?

ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളിലും കാന്‍സര്‍ വരാം. ഒന്നുകൂടി വ്യക്തമാക്കിയാല്‍ മുടിയും നഖവും ഹൃദയഭിത്തിയുമൊഴിച്ച് ശരീരത്തിന്റെ മറ്റെല്ലാ ഭാഗത്തും കാന്‍സര്‍ വരാവുന്നതാണ്.

കാന്‍സര്‍ ലക്ഷണങ്ങള്‍ പ്രധാനമായും ഏത് അവയവത്തിലാണ് തുടങ്ങുന്നത് എന്നതിനനുസരിച്ചായിരിക്കും പ്രത്യക്ഷപ്പെടുക. എന്നാല്‍ ചില ലക്ഷണങ്ങള്‍ ഏതെങ്കിലും അവയവത്തെ ചൂണ്ടിക്കാണിക്കാറില്ല. അവ പൊതു ലക്ഷണങ്ങൾ ആണ്. അങ്ങനെയുള്ള ലക്ഷണങ്ങളെക്കുറിച്ച് ആദ്യം പറയാം.

കാന്‍സറിലേയ്ക്ക് നയിക്കുന്ന പൊതു രോഗലക്ഷണങ്ങള്‍

1. സാരമായ രീതിയില്‍ തൂക്കം കുറയുക (Significant Weight Loss)

'സാരമായ രീതിയില്‍ തൂക്കം കുറയുക' എന്നു നമ്മൾ എപ്പോഴാണ് പറയുക എന്നു നോക്കാം. യാതൊരു കാരണവും കൂടാതെ ഒരാളുടെ ശരീരഭാരം ആറു മാസം കൊണ്ട് അഞ്ചില്‍ കൂടുതല്‍ ശതമാനം കുറയുന്നതിനെയാണ് 'സാരമായ രീതിയില്‍ തൂക്കം കുറയുക' (Significant Weight Loss) എന്നു പറയുന്നത്. 'സാരമായ രീതിയില്‍ തൂക്കം കുറയുന്നതിനു' കാന്‍സര്‍ മാത്രമല്ല കാരണം. ചിലതരം മാനസികരോഗം മുതല്‍ ഡയബറ്റിസ്, തൈറോയിഡ് തുടങ്ങി പല അസുഖങ്ങളിലും ഈ 'സാരമായ രീതിയില്‍ തൂക്കം കുറയൽ' ഉണ്ടാവാം.

ഉദരസംബന്ധമായ കാന്‍സറുകളിലാണ് ഈ രോഗലക്ഷണം ഉണ്ടാകാറുള്ളതെങ്കിലും ലിംഫോമാ പോലെയുള്ള, ശരീരം മുഴുവന്‍ ബാധിക്കുന്ന കാന്‍സറുകളിലും 'സാരമായ രീതിയില്‍ തൂക്കം കുറയൽ' ഒരു രോഗലക്ഷണമായി കാണാറുണ്ട്. മറ്റൊരു പ്രധാന കാര്യം, ഈ 'തൂക്കം കുറയല്‍', അസുഖത്തിന്റെ കൂടിയ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഈ ലക്ഷണം കണ്ടാലുടന്‍ ഒരു ഹെല്‍ത്ത് ചെക്കപ്പ് നടത്തേണ്ടതാണ്.

2. വിശപ്പില്ലായ്മ

ഇതും പ്രധാനമായും ഉദരസംബന്ധമായ (ആമാശയം, പാന്‍ക്രിയാസ്, ലിവര്‍) കാന്‍സറുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എങ്കിലും അണ്ഡാശയ കാന്‍സര്‍, ശരീരം മുഴുവന്‍ ബാധിക്കുന്ന കാന്‍സറുകള്‍, ലിംഫോമ, മെറ്റാസ്റ്റാറ്റിക് അല്ലെങ്കില്‍ ശരീരം മുഴുവന്‍ പടരുന്ന കാന്‍സറുകള്‍ എന്നിവയാലും വിശപ്പില്ലായ്മ അനുഭവപ്പെടാം.

ഇതും പ്രധാനമായും ഉദരസംബന്ധമായ (ആമാശയം, പാന്‍ക്രിയാസ്, ലിവര്‍) കാന്‍സറുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എങ്കിലും അണ്ഡാശയ കാന്‍സര്‍, ശരീരം മുഴുവന്‍ ബാധിക്കുന്ന കാന്‍സറുകള്‍, ലിംഫോമ, മെറ്റാസ്റ്റാറ്റിക് അല്ലെങ്കില്‍ ശരീരം മുഴുവന്‍ പടരുന്ന കാന്‍സറുകള്‍ എന്നിവയാലും വിശപ്പില്ലായ്മ അനുഭവപ്പെടാം.

3. വിട്ടുമാറാത്ത പനി

അണുബാധയാണ് പനിക്ക് കാരണമാകുന്നത്. എങ്കിലും അണുബാധയില്ലാതെ വിട്ടുമാറാത്ത പനിക്കുള്ള ഒരു പ്രധാന കാരണം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള കാന്‍സര്‍ ബാധ ആയിരിക്കും.

കാന്‍സര്‍ ബാധിക്കുന്ന അവയവങ്ങള്‍ അനുസരിച്ചുള്ള രോഗലക്ഷണങ്ങള്‍

സ്തനാര്‍ബുദം

വേദനയില്ലാത്ത പുതിയതായി പ്രത്യക്ഷപ്പെടുന്ന, വളരുന്ന മുഴകളാണ് സ്തനാര്‍ബുദം ആയി സംശയിക്കപ്പെടേണ്ടത്. മുപ്പതു വയസിനു ശേഷമാണ് ഈ ലക്ഷണങ്ങള്‍ പ്രധാനമായും സംശയിക്കേണ്ടത്. വേദനയുള്ള മുഴകള്‍ സാധാരണ അണുബാധ കൊണ്ടാണ് ഉണ്ടാവുക. എന്നാല്‍ കൂടിയ സ്റ്റേജ് ആയിക്കഴിഞ്ഞാല്‍ കാന്‍സര്‍ മുഴകളും വേദനാജനകമാകാറുണ്ട്. സാധാരണ നിലയിലായിരുന്ന നിപ്പിള്‍ അകത്തേക്കു വലിയുക, നിപ്പിളിനു ചുറ്റും തൊലി പോവുക, നിപ്പിളില്‍ കൂടി രക്തം കലര്‍ന്ന ഡിസ്ചാര്‍ജ് ഉണ്ടാവുക, സ്തനങ്ങളിലെ തൊലി ഓറഞ്ച് തൊലി പോലെ കട്ടിപിടിക്കുക എന്നിവയും സ്തനാര്‍ബുദ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

സ്തനങ്ങളില്‍ രോഗലക്ഷണങ്ങളൊന്നുമില്ലാതെ Armpitil മാത്രമുള്ള മുഴയായും സ്തനാര്‍ബുദം പ്രത്യക്ഷപ്പെടാറുണ്ട്. ഫൈബ്രോ അഡിനോസിസ് (Fibro adenosis) ബ്രെസ്റ് സിസ്ററ് (Breast Cyst), ഫൈബ്രോ അഡെനോ (Fibro Adeno) എന്നിവയും മുഴകളായി സ്തനങ്ങളില്‍ കാണപ്പെടാറുണ്ട്. അതിനാല്‍ സംശയം തോന്നിയാല്‍ വൈദ്യപരിശോധന നടത്തുക എന്നതാണ് അഭികാമ്യം.

മലം കറുത്തു പോവുക എന്നതാണ് വായ മുതല്‍ മലാശയം വരെയുള്ള അവയവത്തില്‍ കാന്‍സര്‍ ബാധിച്ചാല്‍ ഉണ്ടാകുന്ന ഒരു രോഗലക്ഷണം. ദഹനവ്യവസ്ഥയില്‍ രക്തം കലരുമ്പോഴാണ് ഇത് സംഭവിക്കുക. സാധാരണ കഴിക്കുന്ന ഭക്ഷണം അനുസരിച്ച് മലത്തിന് കറുപ്പ് നിറം വന്നേക്കാം. എന്നാല്‍ കറുത്ത്, ടാര്‍ പോലെ പോകുമ്പോള്‍ അത് രോഗലക്ഷണമാണ്.

മലത്തില്‍ രക്തം കലര്‍ന്നു പോവുക: വല്ലപ്പോഴും മലത്തില്‍ രക്തം കാണുന്നതിനെയല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരും ഇതിനെ പൈല്‍സ് എന്നുപറഞ്ഞ് തള്ളിക്കളയുകയാണ് പതിവ്. എന്നാല്‍ ഈ രക്തസ്രാവം വന്‍കുടല്‍ മലാശയ കാന്‍സര്‍ മൂലം അല്ല എന്ന് പരിശോധനയിലൂടെ ഉറപ്പിക്കണം.

വിട്ടുമാറാത്ത ചുമ: മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമയെയാണ് നമ്മള്‍ വിട്ടുമാറാത്ത ചുമ എന്നു വിളിക്കുന്നത്. ഇങ്ങനെയുള്ള ചുമയുണ്ടായാല്‍ സംശയിക്കണം എന്നേ പറയാന്‍ പറ്റൂ. കാരണം, വെറും അലര്‍ജി മുതല്‍ ക്ഷയരോഗം വരെയുള്ള ഒരു നീണ്ടനിര ചുമകളുണ്ട്. എന്നാല്‍ ചുമയോടൊപ്പം കഫത്തില്‍ രക്തം കാണുക, ശ്വാസം മുട്ടല്‍ ഉണ്ടാവുക, നെഞ്ചുവേദന, വിശപ്പില്ലായ്മ എന്നിവ ഉണ്ടെങ്കില്‍ ശ്വാസകോശാര്‍ബുദ സാധ്യത കൂടുതലാണ്.

പുകവലിക്കാരില്‍ പൊതുവെ പ്രഭാതത്തില്‍ ഒരു ചുമ കാണാറുണ്ട്. എന്നാല്‍ ചുമയുടെ കാഠിന്യത്തിലോ, രീതിയിലോ വ്യത്യാസം വന്നാല്‍ പരിശോധനയ്ക്ക് വിധേയമാകണം.

4. കവിളിലും നാവിലും ഉണ്ടാകുന്ന വ്രണങ്ങള്‍ അല്ലെങ്കില്‍ വളര്‍ച്ച

വായില്‍ വ്രണങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. എന്നാല്‍ മൂന്നാഴ്ച കൊണ്ട് കരിയാത്ത, നാവിന്റെ വശങ്ങളിലുണ്ടാകുന്ന വ്രണങ്ങള്‍, കവിളില്‍ തൊലി പോയ ഭാഗത്ത് വളര്‍ച്ച പോലെ ഉണ്ടാകുന്നത് എന്നിവ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഏതെങ്കിലും രീതിയില്‍ പുകയില ഉപയോഗിച്ചവരിലാണെങ്കില്‍ അത് കാന്‍സര്‍ ആകാനുള്ള സാധ്യത കൂടുതലാണ്.

പുകവലിക്കാരില്‍ പല്ല് ഉരസി വ്രണങ്ങളോ തടിപ്പോ ഉണ്ടാകുന്നത് ഒരു കാന്‍സര്‍ ലക്ഷണമാണ്.

ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട്

ഇത് പലപ്പോഴും അന്നനാള കാന്‍സറിന്റെ സൂചനയാകാം. പ്രത്യേകിച്ച് പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങള്‍ ഉള്ളവരില്‍. ഖരപദാര്‍ത്ഥങ്ങള്‍ ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ അതൊരു അപകടസൂചനയാണ്.

മൂത്രത്തില്‍ രക്തം കലര്‍ന്നു പോവുക

വേദനയില്ലാതെ പ്രത്യേകിച്ച്, മധ്യവസയിനു ശേഷം മൂത്രത്തില്‍ രക്തം പോകുന്നത് കിഡ്‌നി അല്ലെങ്കില്‍ മൂത്രസഞ്ചിയുടെ കാന്‍സര്‍ ലക്ഷണമായിരിക്കും. മൂത്രത്തില്‍ കല്ല് ഉണ്ടായാലും രക്തം കാണാമെങ്കിലും മിക്കവാറും അതിനൊപ്പം വേദനയുമുണ്ടാകും.

5. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള രക്തസ്രാവം

ഗര്‍ഭാശയ കാന്‍സര്‍, ഗര്‍ഭാശയമുഖ കാന്‍സര്‍ എന്നിവയുടെ പ്രധാന ലക്ഷണമാണ് ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള രക്തസ്രാവം. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള രക്തസ്രാവം എപ്പോഴും പരിശോധനാ വിധേയമാക്കേണ്ടതാണ്.

ശബ്ദവ്യതിയാനം

ശബ്ദത്തിന് പുതുതായി ഉണ്ടാകുന്ന ഇടര്‍ച്ച: അണുബാധ കൊണ്ടും ഇത് സംഭവിക്കാമെങ്കിലും തൊണ്ടയിലെ കാന്‍സര്‍ (Laryngeal Cancer), തൈറോയിഡ് കാന്‍സര്‍, ശ്വാസകോശാര്‍ബുദം എന്നിവയുടെ ഒരു ലക്ഷണമാകാം ഇത്. പ്രത്യേകിച്ച് പുകവലിക്കാരില്‍.

കഴുത്തിലെ മുഴകള്‍

കഴലകളുടെ (Lymph Node) വീക്കമാണ് കഴുത്തില്‍ കാണപ്പെടുന്ന മുഴകള്‍ക്ക് കാരണമാകുന്നത്. തൈറോയിഡ് മുഴകളാണ് മറ്റൊന്ന്. ചിലതരം അണുബാധ, പനി, ക്ഷയം എന്നിവയാണ് ഇതിന് പ്രധാന കാരണമെങ്കിലും ഇത് തലയിലും കഴുത്തിലും ഉണ്ടാകുന്ന (Head & Neck Cancers) കാന്‍സറുകളുടെ ഒരു സാധാരണ ലക്ഷണമാണ്. അതിനാല്‍ പുതുതായി പ്രത്യേകിച്ച്, വേദനയില്ലാത്ത മുഴകള്‍ കഴുത്തില്‍ ഉണ്ടായാല്‍ വൈദ്യപരിശോധന നടത്തേണ്ടതാണ്.

6. ശരീരത്തിലെ മുഴകള്‍

നമ്മുടെ ശരീരത്തില്‍ പലവിധ നിരുപദ്രവകാരികളായ മുഴകള്‍ കണ്ടേക്കാം. എന്നാല്‍ പുതുതായി പ്രത്യക്ഷപ്പെടുന്ന വേദനയില്ലാത്ത മുഴകള്‍ എപ്പോഴും ഒരു സംശയത്തോടെ വേണം കാണാന്‍.

7. വയര്‍ വീര്‍ക്കുക അല്ലെങ്കില്‍ വയറില്‍ തടിപ്പ് അനുഭവപ്പെടുക.

ഇത് സംഭവിക്കുന്നത് പ്രത്യേകിച്ച് ശരീരഭാരം കുറയുന്നതിനോടൊപ്പമാണെങ്കില്‍ പരിശോധനക്ക് വിധേയമാകേണ്ടതാണ്.

8. മലബന്ധം, കുടല്‍സ്തംഭനം

ഇടവിട്ടുണ്ടാകുന്ന മലബന്ധവും വയറിളക്കവും വന്‍കുടല്‍ മലാശയ കാന്‍സറിന്റെ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

സംശയം തോന്നിയാല്‍ അടുത്തുള്ള ഡോക്ടറെ കണ്ട് സംശയനിവാരണം നടത്തുക എന്നതാണ് ഏറ്റവും നല്ലത്. പലരും ചികിത്‌സ സ്വയമേ ആരംഭിക്കും. അമിത ആത്മ വിശ്വാസത്തിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ അത് വലിയ അപകടമാണ്. ആദ്യമേ, ഡോക്ട്റെ കണ്ട്‌, രോഗം എന്താണെന്നും ഏതു സ്റ്റേജ് ആണെന്നും മനസിലാക്കിയാൽ വലിയ അപകടങ്ങളിൽ നിന്നും രക്ഷപെടാൻ സാധിക്കും. അശ്രദ്ധമൂലം സ്വയമേ, മരണത്തിലേയ്ക്ക് നടന്നടുക്കുന്ന മനുഷ്യർ ആകരുത് നമ്മൾ.

News & Articles

more articles