ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് നടന്ന സംഭവമാണ് ഈ ലേഖനം എഴുതാൻ എനിക്ക് പ്രചോദനം നൽകിയത് . കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിൻറെ ഭാര്യയുടെ വലതു കാലിൽ ഉണ്ടായ സാർക്കോമ എന്ന കാൻസറിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഈ സംഭവം നടക്കുന്നത്. വലതു തുടയിൽ ഉണ്ടായ ടൂമർ ഒരു കോംപ്ലക്സ് സർജറി വഴി ഫെബ്രുവരിയിലാണ് ഞാൻ നീക്കം ചെയ്‌തത് . ടൂമർ അല്പംവലുതായിരുന്നതിനാൽ ഒരു കോംപ്ലക്സ് സർജറി ആണ് ചെയ്തത്. രണ്ടു തവണ ആന്റിബയോട്ടിക് കൊടുക്കേണ്ടതയും വന്നു. സർജറിക് ശേഷം റേഡിയേഷൻ ചികിത്സയും ആവശ്യമായി വന്നിരുന്നു . ചികിത്സയെല്ലാം ഒരു കുഴപ്പവും ഇല്ലാതെ തീരുകയും ചെയ്‌തു. ഏപ്രിൽ അവസാനത്തോടെ സർജറി ചെയ്‌ത ഭാഗത്തു നീരും വേദനയുമായി അവർ എൻറെ അടുത്ത് വീണ്ടും വന്നു . പരിശോധനയിൽ അവിടെ ചെറിയ അണുബാധ ഉണ്ട്. അതുപോലെ ഉള്ളിൽ അൽപ്പം കളക്ഷൻ അഥവാ നീര് ഉണ്ട് എന്ന് എനിക്ക് മനസിലായി. അത് പഴുപ്പാവാതിരിക്കാൻ ഞാൻ കുറച്ചു ആന്റിബയോട്ടിക് നൽകി . നീരും വേദനയും മാറാൻ മറ്റു കുറച്ചു മരുന്നുകളും നൽകി.
മെയ് ഒന്ന് ഞങ്ങൾക്ക് ഒ പി അവധിയാണ് . അതിനാൽ രാവിലെ റൗണ്ട്സ് ഏടുത്തു വീട്ടിൽ പോയി . ഒന്നര ആയപ്പോൾ അത്യാഹിത വിഭാഗത്തിൽ നിന്നും ഒരു വിളി വന്നു. ഡോക്ടറുടെ ഒരു രോഗി ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ട് . കഴിഞ്ഞ ആഴ്‌ച്ച മരുന്ന് വാങ്ങി പോയ ആളാണ് . ഭയങ്കര പനിയും കാലു വേദനയുമായിട്ടാണ് ഇവിടെ വന്നിട്ടുള്ളത്. ഡോക്ടറെ ഇപ്പോൾ തന്നെ കാണണം എന്ന് പറഞ്ഞു . കൂട്ടത്തിലുള്ള ആള് ഭയങ്കര ബഹളമാണ്. അദ്ദേഹത്തിന് എവിടെയോ മീറ്റിംഗിന് പോകണം എന്നാണ് പറയുന്നത്. രോഗിയുടെ പേര് കേട്ടപ്പോൾ തന്നെ എനിക്ക് ആളെ പിടികിട്ടി . അദ്ദേഹം ഒരു തൊഴിലാളി വർഗ്ഗ പാർട്ടി നേതാവാണ് , അപ്പൊ മെയ് ദിനം ആശുപത്രിയിൽ കളയാൻ അദ്ദഹത്തിനു തീരെ താല്പര്യമില്ല. വല്ലപ്പോഴുമാണ് ഇത് പോലെ ആശുപത്രിക്കു അവധി ലഭിക്കുന്നത്. അതിനാൽ കുടുംബ സമേതം ഒരു ലഞ്ച് കഴിക്കാൻ ഇറങ്ങുമ്പോഴാണ് ഈ വിളി വന്നത്. ഏതായാലും ഞാൻ അല്ല കാൾ ഡ്യൂട്ടി എങ്കിലും പോകുന്ന വഴി അവിടെ വന്ന് കണ്ടിട്ട് പോക്കോളാം എന്ന് ഞാൻ പറഞ്ഞു.
ഞാൻ ഉടനെ അത്യാഹിത വിഭാഗത്തിൽ എത്തി രോഗിയെ കണ്ടു. നീര് വല്ലാതെ കൂടിയിട്ടുണ്ട് , വേദനയുണ്ട് , പനിയുമുണ്ട്. ഞാൻ കാര്യം തിരക്കിയപ്പോൾ ആണ് യഥാർത്ഥ വിവരം പുറത്തു വരുന്നത്. ഞാൻ കൊടുത്തുവിട്ട ആന്റിബയോട്ടിക് അവർ കഴിച്ചിട്ടില്ലാ . കാരണം തിരക്കിയപ്പോൾ ആണ് രസകരമായ ഒരു സംഭവം ഇതിനു പിന്നിൽ ഉണ്ട് എന്ന് മനസിലായത്. ഇവർ പൊതുവെ അൽപ്പം ടെൻഷൻ ഉള്ള വ്യക്തിയാണ്. അതുപോലെ തന്നെ ചില ചർമ്മ പ്രശ്നങ്ങളും ഉണ്ട്. അതുപോലെ തന്നെ സർജറി ചെയ്‌ത സമയത്തു മുറിവ് പഴുക്കാതിരിക്കാൻ ആന്റിബയോട്ടിക് എടുത്തിട്ടുണ്ട് . അതും രണ്ടു പ്രാവശ്യം . കാരണം അവരുടേത് ഒരു കോംപ്ലക്സ് സർജറി ആയിരുന്നു എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ . അതിനാൽ നമ്മുടെ രാഷ്ട്രീയ നേതാവായ ഭർത്താവ് ആന്റിബയോട്ടിക് കഴിക്കേണ്ടാ എന്ന് പറഞ്ഞു അത്രെ . വേദനക്കുള്ളത് മാത്രമേ കഴിച്ചിട്ടുള്ളൂ. അതുകൊണ്ടു വേദന മാറിയതിനാൽ അസുഖം കുറഞ്ഞു എന്ന് അവർ കരുതി. ഇത് കേട്ടപ്പോൾ ആദ്യം ചിരിക്കണോ അതോ കരയണോ എന്ന് . നമ്മുടെ തൊഴിലാളി നേതാവിനോട് കാരണം ചോദിച്ചപ്പോൾ അദ്ദേഹം ഏതോ ശാസ്ത്രപ്രബന്ധം എന്ന രീതിയിൽ ഒരു വീഡിയോ എന്നെ കാണിച്ചു.
വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്. നിവൃത്തിയില്ലാത്ത സമയത്തും നമ്മുടെ രോഗങ്ങൾ യാതൊരു കാരണവശാലും മാറുന്നില്ല എങ്കിൽ മാത്രം ആന്റിബയോട്ടിക് എടുക്കുക. ആന്റിബയോട്ടിക് എടുത്താൽ നമ്മുടെ കുടലിലെ നല്ല അണുക്കൾ നശിച്ചുപോകും . അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. നെഞ്ചിരിച്ചൽ , പുളിച്ചുതികട്ടൽ , ടെൻഷൻ കൂടുക , ചർമ്മ പ്രശ്നങ്ങൾ , ക്ഷീണം എന്നിവ ഉണ്ടാകും. അതിനാൽ ആന്റിബയോട്ടിക് ഉപയോഗം നമ്മുടെ ശരീരത്തെ നശിപ്പിക്കുകയാണ്. അതുകൊണ്ടു വല്ലപ്പോഴും മാത്രം ആന്റിബയോട്ടിക് എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത് . ഈ വീഡിയോയിലെ മനോജ് ജോൺസൺ എന്ന ആരോഗ്യ വിദഗ്ധൻ ആരാണ് എന്ന് അന്വേഷിച്ചു. ഏതു വിഭാഗത്തിലെ ഡോക്ടർ ആണ് എന്നറിയാൻ വേണ്ടിയുള്ള എൻറെ അന്വേഷണത്തിൽ , അദ്ദേഹം ഒരു യോഗ ഡോക്ടർ ആണ് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. യോഗയിലും നാച്യുറോപ്പതിയിലും ബാച്‌ലർ ഡിഗ്രീ ആണ് ഇദ്ദേഹം നേടിയിട്ടുള്ളത് എന്നതാണ് ഈ യൂട്യൂബറുടെ വെബ്സൈറ്റ് പറയുന്നത്. അല്ലാതെ ആധുനിക വൈദ്യ ശാസ്ത്രമോ ആന്റിബയോട്ടിക് ചികിത്സയെക്കുറിച്ചോ യാതൊരു ബന്ധമില്ല എന്നും അദ്ദേഹത്തിന്റെ വെബ്സൈറ്റ് പറയുന്നുണ്ട്. ഇത് ഇവിടെ പറയാൻ കാരണം MBBS-നാലര വർഷം , പിന്നെ ഒരു വർഷം ഹൌസ് സർജൻസി , അതിനു ശേഷം മൂന്ന് വർഷം സർജറി പഠിച്ചു MS ഡിഗ്രി വീണ്ടും കാൻസർ സർജറിയിൽ MCH പഠിക്കാൻ മൂന്ന് വർഷം, അതിനുശേഷം 25 വർഷം - മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്‌ത് അനുഭവ സമ്പത്തുള്ള ഒരാൾ കൊടുത്ത മരുന്ന് കഴിക്കാൻ ഇതുപോലെയുള്ള യൂട്യൂബർമാരുടെ ഉപദേശം ആണ് നമ്മെ ഭരിക്കുന്ന ചില രാഷ്ട്രീയ നേതാക്കൾ പോലും സ്വീകരിക്കുന്നത് എന്ന ദുരവസ്ഥ അതായത് പ്രബുദ്ധ കേരളം എന്ന് പറയുന്ന നമ്മുടെ ആരോഗ്യ രംഗത്തിൻറെ ഭാവി എങ്ങനെയാണു എന്ന് നിങ്ങളോടു പറയുക എന്നതായിരുന്നു.
ഇനി ഈ യോഗ ഡോക്ടർ മനോജ് ജോൺസൺ ആന്റിബയോട്ടിക്കിനെക്കുറിച്ചു ആധികാരികമായി പറയാൻ അറിയില്ലെങ്കിലും അദ്ദേഹം പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്നുകൂടി പരിശോധിക്കാം . നിവൃത്തിയില്ലാത്ത സമയത്തും നമ്മുടെ രോഗങ്ങൾ മാറുന്നില്ല എങ്കിലും ആന്റിബയോട്ടിക് കഴിക്കണം എന്നതാണ് ആദ്യത്തെ ഉപദേശം. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക . അദ്ദേഹം മനസ്സിലാക്കി വച്ചിരിക്കുന്നതുപോലെ എല്ലാ രോഗങ്ങൾക്കും ഉള്ള മരുന്നല്ല ഈ ആന്റിബയോട്ടിക് എന്നത് . ചില തരം അണുബാധയ്ക്ക് എതിരെമാത്രം ആണ് ഇത് ഉപയോഗിക്കുന്നത്. അതായതു ചില ബാക്റ്ററിയകളെ നശിപ്പിക്കാൻ മാത്രം. എന്നാൽ ചിലപ്പോൾ സർജറി അല്ലെങ്കിൽ മറ്റ് 'Invasive Procedure'-കൾ ചെയ്യുമ്പോൾ അണുബാധ വരാതെ Prophylactic ആയിട്ടും ഉപയോഗിക്കാറുണ്ട്. അത് ചിലപ്പോൾ ഒറ്റ ഡോസ് ആയിരിക്കാം. അല്ലെങ്കിൽ കുറച്ചു ദിവസത്തേക്ക് ആയിരിക്കാം. അല്ലാതെ ഇദ്ദേഹം പറയുന്നമാതിരി നിവൃത്തിയില്ലാത്ത സമയത്തോ അല്ലെങ്കിൽ രോഗം മാറാത്ത അവസ്‌ഥയിലോ അല്ല ആന്റിബയോട്ടിക് മരുന്നുകൾ നൽകേണ്ടത്. രോഗാവസ്ഥ അനുസരിച്ചു നിങ്ങളെ ചികില്സിക്കുന്ന ഡോക്ടർ ആണ് അത് നിശ്ചയിക്കുന്നത് ഏതു വേണം എപ്പോൾ വേണം എത്ര ഡോസ് വേണം എത്ര ദിവസം വേണം എന്നൊക്കെ.കൂടാതെ അദ്ദേഹം പറയുന്നതുപോലെ സ്ഥിരമായി ഉപയോഗിക്കാൻ ഉള്ളതുമല്ല ആന്റിബയോട്ടിക് മരുന്നുകൾ . ഇതുപോലെ തന്നെയാണ് വൈറസുകൾക്കെതിരെ Antiviral മരുന്നുകളും, Fungal അണുബാധക്കെതിരെ Antifungal മരുന്നുകളും, വിരകൾക്കെതിരെ Anti Helminth മരുന്നുകളും ഉപയോഗിക്കുന്നത്.
ഇനി യോഗ ഡോക്ടറുടെ അടുത്ത ഉപദേശം നോക്കാം. അതായത് ആന്റിബയോട്ടിക് ആവർത്തനമായി ഉപയോഗിക്കരുത് . ഇതാണ് നമ്മുടെ രാഷ്ട്രീയ നേതാവിനെ ഭയപ്പെടുത്തിയ ഭാഗം. സാധാരണ ഒരു നിശ്ചിത സമയത്തേക്ക് മാത്രമാണ് ഒരു ആന്റിബയോട്ടിക് ഉപയോഗിക്കുന്നത്. എന്നാൽ ഒരു പ്രാവശ്യം ഒരു ആന്റിബയോട്ടിക് ഉപയോഗിച്ചിട്ടുണ്ട് എന്നതുകൊണ്ട് വീണ്ടും ആന്റിബയോട്ടിക് ഉപയോഗിച്ചാൽ പ്രശ്നമാകും എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. ഒരു ആന്റിബയോട്ടിക് ഉപയോഗിക്കുന്ന സമയം മാത്രമേ അതിന്റെ ഫലം നമ്മുടെ ശരീരത്തു ഉണ്ടാവുകയുള്ളൂ . നമ്മുടെ ശരീരത്തിനേറ്റ അണുബാധ മാറുന്നതുവരെ ചിലപ്പോൾ തുടർച്ചയായി ആന്റിബയോട്ടിക് ഉപയോഗിക്കേണ്ടി വരാറുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒരു ഡോസ് കഴിയുമ്പോൾ മറ്റൊരു ആന്റിബയോട്ടിക് ആയിരിക്കും ഉപയോഗിക്കുക. ഇത്തരം സന്ദർഭങ്ങളിൽ കൾച്ചർ ചെയ്‌ത ഏതു ആന്റിബയോട്ടിക് ആണ് ഫലപ്രദം എന്ന് കണ്ടുപിടിച്ചിട്ടാണ് കൊടുക്കുന്നത്.
ഇനി മൂന്നാമത്തെ ഉപദേശം . ആന്റിബയോട്ടിക് കുടലിലെ ബാക്ടീരിയ നശിപ്പിക്കും അത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. മോഡേൺ മെഡിസിൻ പഠിക്കാതെ മോഡേൺ മെഡിസിൻ കൈകാര്യം ചെയ്യാൻ യോഗ ഡോക്ടർ ശ്രമിക്കുന്നതാണ് ഈ പ്രശ്നത്തിന് കാരണം. അപകടകാരിയായ അണുക്കളെ നശിപ്പിക്കുന്നതിനോടൊപ്പം ശരീരത്തിലെ പ്രത്യേകിച്ച് കുടലിലെ അണുക്കളും ഒരു പരിധിവരെ നശിച്ചുപോകും എന്നത് സത്യമാണ്. എന്നാൽ സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്സുകൾ ഒന്നും തന്നെ നമുക്ക് പ്രശ്നമുണ്ടാക്കുന്ന രീതിയിൽ 'Gut Bacteria' പ്രവർത്തനത്തെ ബാധിക്കാറില്ല. ചില 'Immuno Compromised' ആയിട്ടുള്ളവരിലോ, അല്ലെങ്കിൽ ചില പ്രത്യേകതരം ആന്റിബയോട്ടിക് ഉപയോഗിക്കേണ്ടിവരുന്ന ചുരുക്കം ചിലരിലെ ഇത് എന്തെങ്കിലും പ്രശ്നമുണ്ടാക്കാറുള്ളൂ . എന്നാൽ മോഡേൺ മെഡിസിൻ പഠിച്ച ഡോക്ടർ ഇത് മുന്നിൽ കണ്ട് അതിന് പ്രതിവിധിയും ചെയ്യുകയും ചെയ്യും.
ഇനി അടുത്ത വ്യാജ പ്രചാരണത്തിലേക്കു ഒന്ന് നോക്കാം. അതായത് ആന്റിബയോട്ടിക് കഴിച്ചാൽ ടെൻഷൻ കൂടും, ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകും എന്ന പ്രചാരണം. ആന്റിബയോട്ടിക് കഴിച്ചത് കൊണ്ടോ Gut Bacteria നശിച്ചാലോ ആർക്കും ടെൻഷൻ കൂടുകയോ ചർമ്മ പ്രശ്നങ്ങൾ ഉണ്ടായതായി ഒരിടത്തും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇനി അലർജി വല്ലതും ആണോ യോഗ ഡോക്ടർ ഉദ്ദേശിക്കുന്നത് എന്നറിയില്ല . അത് ആന്റിബയോട്ടികിനു മാത്രമല്ല നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾക്കുപോലും അലർജി ഉണ്ടാവാം. ഇതൊക്കെ എവിടെ നിന്ന് പഠിച്ചതാണ് എന്ന് ആർക്കറിയാം?. ഇതുപോലെ തനിക്കു അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചു ആധികാരികമായി തള്ളുന്നവരെ ഇംഗ്ലീഷ് ഭാഷയിൽ ഒരു പേര് വിളിക്കും 'Ultracrepidarian' - It's a person who has little or no knowledge about a subject but will still want to give their opinion on it. ഇങ്ങനെയുള്ള ആൾക്കാരെ വിശേഷണം ചെയ്യാൻ പറ്റിയ പേരാണ് ഇത്.
ഈ വിഷയം അവസാനിപ്പിക്കുന്നതിന് മുൻപ് ആന്റിബയോട്ടിക്കിനെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട ചില യാഥാർഥ്യങ്ങൾ കൂടി ഉണ്ട്. നമ്മുടെ ആയൂർ ദൈർഘൃം ഇപ്പോഴത്തെ നിലയിൽ ഉണ്ടായ ഒരു പ്രധാന കാരണം ആന്റിബയോട്ടിക് ആണ്. എന്നാൽ ബാക്റ്റീരിയകൾ കാലക്രെമേണ പല ആന്റിബയോട്ടിക്കിനും എതിരെ പ്രതിരോധം തീർത്തും തുടങ്ങി. അതിനെയാണ് 'Antibiotic Resistance' എന്ന് പറയുന്നത്. ഏതാണ്ട് അഞ്ചു മില്യൺ ആൾക്കാർ ഇത് മൂലം ഒരു വർഷം മരിച്ചു പോകുന്നുണ്ട്. ഇത് ഉണ്ടാവാതെ നോക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ഇതിൽ ഡോക്ടർമാർക്കും സാധാരണക്കാർക്കും ഒരുപോലെ ഉണ്ട് എന്നതാണ് വാസ്തവം. ഈ ചർച്ച പ്രധാനമായിട്ടും സാധാരണകാർക്കുവേണ്ടി ഉള്ളതായതു കൊണ്ട് അതിനെക്കുറിച്ചാണ് ഞാൻ ഇവിടെ പറയുന്നത്. ഏതു അണുബാധയും നശിക്കാൻ ഒരു പ്രത്യേക ഡോസ് ആവശ്യമാണ്. എന്നാൽ ഈ ആന്റിബയോട്ടിക് കുറഞ്ഞ അളവിൽ ആണ് എങ്കിൽ അണുബാധ അതിനെതിരെ റെസിസ്റ്റൻസ് ഉണ്ടാകും. അങ്ങനെ വരുമ്പോൾ അത് മറ്റൊരാളിൽ അസുഖം ഉണ്ടാകുമ്പോൾ മരുന്ന് ഫലിക്കാതെ വരും. ഇങ്ങനെ ഉണ്ടാകാതിരിക്കാൻ ഡോക്ടർ തരുന്ന മുഴുവൻ ആന്റിബയോട്ടിക് കഴിക്കുക. തന്നെത്താൻ ആന്റിബയോട്ടിക് വാങ്ങി കഴിക്കാതിരിക്കുക.
ഇനി മറ്റൊരു വലിയ കാരണം എന്ന് പറയുന്നത് നിയന്ത്രണമില്ലാതെ കൃഷി സംബദ്ധമായ ആന്റിബയോട്ടിക് ഉപയോഗമാണ്. ലോകത്തു ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അളവ് നോക്കിയാൽ ഏതാണ്ട് 70 ശതമാനവും കൃഷി, മൃഗ സംരക്ഷണം എന്നിവയിലാണ് ഉപയോഗിക്കുന്നത്. അതായതു ചെടികളിൽ അണുബാധ ഉണ്ടാകാതിരിക്കാനായിട്ട് അല്ലെങ്കിൽ ഫാമുകളിൽ മൃഗങ്ങൾക്കു അണുബാധ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണു ആന്റിബയോട്ടിക് ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലെ കോഴിവളർത്തൽ കേന്ദ്രങ്ങളിൽ പലതും ഇതിനു ഉദാഹരങ്ങളാണ്. ഇങ്ങെനെ ഉപയോഗിക്കപെടുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ അവശിഷ്ടം വെള്ളം നമ്മൾ കഴിക്കുന്ന ഭക്ഷണം വഴി ചെറിയ ഡോസിൽ എല്ലായിടത്തും എത്തുന്നു. ഇങ്ങനെ ലോ ഡോസ് പ്രകൃതിയിലെ ബാക്റ്റീരിയകൾക്കു ആന്റിബയോട്ടിക് റെസിസ്റ്റൻസ് ഉണ്ടാക്കുന്നു. അങ്ങനെ സാധാരണ ഇൻഫെക്ഷൻസ് പോലും ആന്റിബയോട്ടിക് ചികിത്സ ഭലിക്കാതെ പോകുന്നു.
സാമൂഹികമായ അവബോധം ഉണ്ടാക്കുക. സാധാരണക്കാരിൽ ഇത് പറഞ്ഞു കൊടുക്കുക എന്നുള്ളതാണ് ഈ 'Antibiotic Resistance' മൂലം ഇപ്പൊ 50 ലക്ഷം പേരാണ് ഒരു വർഷം മരിക്കുന്നതെങ്കിൽ അത് വീണ്ടും കൂടാതിരിക്കാൻ , Antibiotic Resistance തടയാൻ നമ്മുക്കെല്ലാവർക്കും ഒത്തൊരുമിച്ചു പ്രവർത്തിക്കാം. അതുപോലെ തന്നെ ആന്റിബയോട്ടിക്കിനെക്കുറിച്ചുള്ള ഫേക്ക് ന്യൂസുകളിൽ വീണ് നമ്മുടെ ആരോഗ്യം നശിപ്പിക്കാതിരിക്കുക . നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധമൂലം നമ്മൾ പലരും മരിക്കാൻ ഇടയാകും എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നിർത്തട്ടെ.